പശ്ചിമബംഗാൾ നിയമസഭ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി; നേരിട്ടത് ബിജെപി അംഗങ്ങളുടെ കടുത്ത എതിർപ്പ്

single-img
27 January 2020

പശ്ചിമബംഗാൾ നിയമസഭ കേന്ദ്ര സർക്കാർ രാജ്യത്ത് കൊണ്ടുവന്ന ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കി. സഭയിലെ ബിജെപി അംഗങ്ങളുടെ കടുത്ത എതിർപ്പിനിടെയാണ് പ്രമേയം പാസ്സായത്. നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രമല്ലെന്നും ഹിന്ദു സഹോദരങ്ങൾ കൂടി സമരത്തിന് മുൻനിരയിൽ നിൽക്കണമെന്നും മുഖ്യമന്ത്രി മമതാ ബാനർജി നിയമസഭയിൽ ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമാണ് പശ്ചിമബംഗാൾ.കേരളവും പഞ്ചാബും രാജസ്ഥാനുമാണ് പൗരത്വ നിയമഭേദഗതിക്ക് എതിരെ മുൻപ് പ്രമേയം പാസ്സാക്കിയിട്ടുള്ളത്.

”പശ്ചിമബംഗാളിൽ ഒരു കാരണത്താലും ദേശീയ പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ല. ദേശീയ പൗരത്വ റജിസ്റ്ററോ, ദേശീയ ജനസംഖ്യാ രജിസ്റ്ററോ പ്രസിദ്ധീകരിക്കാൻ അനുവദിക്കുകയുമില്ല. ഇവയ്‌ക്കെതിരെ സമാധാനപരമായി സമരം തുടരും ഇപ്പോഴത്തെ ദേശീയ പൗരത്വ നിയമഭേദഗതി നടപ്പായാൽ പൗരത്വം കിട്ടണമെങ്കിൽ നിങ്ങളിനിയും നടപടിക്രമങ്ങളിലൂടെ കടന്നുപോകണം. അത് ചെയ്യുന്നതുവരെ നിങ്ങളൊരു വിദേശിയാണ്. ഇത് മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുന്ന അപകടകരമായ ഒരു കളിയാണ്. അങ്ങിനെയുള്ള കെണിയിൽ വീഴരുത്”, എന്ന് മമതാ ബാനർജി സഭയിൽ പറഞ്ഞു.

രാജ്യത്തെ ജനങ്ങൾ പൗരത്വം ഇനിയും തെളിയിക്കേണ്ടി വരുന്നതും, അവർക്കുള്ള തടവുകേന്ദ്രങ്ങളുമൊന്നും അംഗീകരിക്കാനാവുന്നതല്ല. ഇതുപോലെയാണ് കാര്യങ്ങളെങ്കിൽ ഈ രാജ്യത്ത് ജനിക്കാതിരിക്കുകയാണ് നല്ലതെന്ന് തോന്നും. ഇന്ത്യ വിട്ട് അഭയാർത്ഥികളായിപ്പോകേണ്ടി വരുമെന്ന് ഭയപ്പെടുകയാണ് ജനങ്ങൾ. അവർ എല്ലാ കാർഡുകളും ശരിയാക്കാൻ ക്യൂ നിൽക്കുകയാണ്”, മമതാ ബാനർജി പറഞ്ഞു.