ഓട്ടിസം ബാധിച്ച 8 വയസുകാരനെ മര്‍ദ്ദിച്ച് അവശനാക്കി ഉപേക്ഷിച്ചു; പോലീസുകാരനായ പിതാവും കാമുകിയും അറസ്റ്റില്‍

single-img
25 January 2020

ഓട്ടിസരോഗം ബാധിച്ച എട്ട് വയസ്സുകാരനെ ഭക്ഷണം നല്‍കാതെ മര്‍ദിച്ച് അവശനാക്കിയെ ശേഷം കൊടുംതണുപ്പില്‍ ഗ്യാരേജില്‍ ഉപേക്ഷിച്ച പോലീസുകാരനായ പിതാവും കാമുകിയും അറസ്റ്റില്‍. ഉപേക്ഷിക്കപ്പെട്ട കാര്‍ ഷെഡില്‍ കുട്ടി മരിച്ചതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

യുഎസിൽ ന്യൂയോര്‍ക്കിലെ ലോങ് ഐസ്‍ലന്‍റിലാണ് സംഭവം. നാല്‍പതു വയസുള്ള പിതാവ് മൈക്കല്‍ വാല്‍വ, കാമുകി ഏയ്ഞ്ചല പോളിന എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. മൈക്കലിന്‍റെ തോമസ് വാല്‍വയെയാണ് കഴിഞ്ഞ ദിവസം കാര്‍ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഠിനമായ തണുപ്പില്‍ കിടന്നുറങ്ങേണ്ടി വന്നതും ശരീരത്തിലേറ്റ ശക്തമായ മര്‍ദനവുമായിരുന്നു കുട്ടിയുടെ മരണകാരണം.

കുട്ടി തന്റെ സ്കൂളിലേക്കുള്ള ബസ് കാണാത്തതിനെ തുടര്‍ന്ന് കാര്‍ ഷെഡില്‍ ഇരിക്കുകയായിരുന്നുവെന്നും തങ്ങൾ ഈ വിവരം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു പോലീസുകാരനായ വാല്‍വ ആദ്യം പറഞ്ഞത്. പക്ഷെ കുട്ടിയുടെ മൃതദേഹ പരിശോധനയില്‍ മര്‍ദനം ഏറ്റത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതക സാധ്യതകളിലേക്ക് കേസ് അന്വേഷണം തിരിഞ്ഞത്. അതേസമയം തന്നെ വാല്‍വയുടെ ആദ്യ ഭാര്യയും തോമസിന്‍റെ അമ്മയുമായ ജസ്റ്റിന സുബ്കോ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി നല്‍കിയിരുന്നു.

ശക്തമായ തണുപ്പിൽ മരിച്ച മകനെ ചൂടുവെള്ളത്തില്‍ കുളിപ്പിച്ച ശേഷമായിരുന്നു അത്യാഹിത സേവനം വാല്‍വ ആവശ്യപ്പെട്ടത്. കുട്ടിയുടെ മുഖത്തുകാണപ്പെട്ട പരിക്ക് സ്കൂള്‍ ബസില്‍ നിന്ന് വീണെന്ന് ഇയാള്‍ മൊഴി നല്‍കിയതാണ് കേസിലെ വഴിത്തിരിവായത്. പൊലീസുകാരനായ പിതാവും കാമുകിയും വാല്‍വയുടെ മറ്റ് മൂന്നുമക്കള്‍ക്കും ഭക്ഷണം നല്‍കാതെ ശിക്ഷിക്കാറുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനെ തുടർന്ന് ഇവരെ സാമൂഹ്യ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

സ്കൂളില്‍ വെച്ച് വാല്‍വയുടെ കുട്ടികള്‍ വിശക്കുന്നുവെന്ന് പരാതിപ്പെടാറുണ്ടായിരുന്നുവെന്ന് അധ്യാപകരും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.