പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീടുകളില്‍ പ്രചരണം; അമിത് ഷായുടെ നേര്‍ക്ക് ഗോബാക്ക് വിളിയുമായി ജനങ്ങള്‍

single-img
5 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കാൻ വീടുകളിൽ പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ ഗോബാക്ക് വിളി. രാജ്യ തലസ്ഥാനമായ ദില്ലി ലജ്പത് നഗറിൽ ചണ്ഡിബസാറിന് സമീപം ബിജെപിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം ഉയർന്നത്.

പ്രചാരണത്തിൽ ഭാഗമാകാൻ ഇന്ന് വൈകിട്ട് നാലേമുക്കാലോടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയിലെത്തിയത്. പരിപാടിയിൽ പങ്കെടുത്ത് കൈവീശി നടന്നുപോകവേ അമിത് ഷായ്ക്ക് നേരെയാണ് രണ്ട് യുവതികൾ അടക്കമുള്ള കോളനിവാസികൾ ഗോ ബാക്ക് വിളിച്ചത്. കൈകളിൽ വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി.

ഇത് കണ്ടപ്പോൾ തുടർച്ച എന്നോണം കോളനിവാസികളിൽ ചിലരും ഗോബാക്ക് വിളിച്ചു. പ്രതിഷേധം ശ്രദ്ധയിൽ പെട്ടെങ്കിലും അമിത് ഷാ പ്രതികരിക്കാൻ നിൽക്കാതെ നടന്ന് പോകുകയായിരുന്നു. അമിത് ഷാ ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികളടക്കമുള്ളവർ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്. സൂര്യ, ഹർമിയ എന്നിങ്ങിനെ രണ്ടു യുവതികളാണ് മുദ്രാവാക്യം വിളിച്ചത്.

പ്രതിഷേധിച്ച ഇവർക്കെതിരെ അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരിൽ ചിലർ രൂക്ഷമായ ഭാഷയിലാണ് തിരിച്ച് പ്രതികരിച്ചത്. നിലവിൽ പോലീസ് ഇവരുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.