അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാൻ ചിലർ നിർബന്ധിക്കാറുണ്ട്; നടിമാരുടെ മൊഴിയുമായി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്

single-img
31 December 2019

മലയാള സിനിമയില്‍ അവസരങ്ങൾക്ക് വേണ്ടി കിടപ്പറ പങ്കിടാൻ ചിലർ നിർബന്ധിക്കാറുണ്ടെന്ന നടിമാരുടെ മൊഴിയുമായി റിട്ട. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പ്രശ്നപരിഹാരം സാധ്യമാവൂ എന്നതിനാല്‍ ശക്തമായ നിയമം കൊണ്ടുവരണം.

ഇതിനായി ട്രൈബ്യൂണല്‍ രൂപികരിക്കണമെന്നും കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സിനിമയില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പഠിച്ച കമ്മീഷനാണ് ഹേമ കമ്മീഷന്‍.പ്രശസ്ത നടി ശാരദയും വത്സലകുമാരി ഐ എ എസുമായിരുന്നു കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. ഇവരും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ കൈമാറി

കുറ്റം ചെയ്യുന്നവരെ നിശ്ചിത കാലത്തേക്ക് സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തണം. അതിനുള്ള അധികാരവും സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലിന് നല്‍കണം. മലയാള സിനിമയിൽ അഭിനയിക്കേണ്ടവരെ തീരുമാനിക്കാൻ സ്വാധീനമുള്ള ലോബിയുണ്ട്. അഭിനയിക്കാന്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നതും ഇവരാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. അവസരങ്ങള്‍ ലഭിക്കണം എങ്കില്‍ കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം ചില പുരുഷന്‍മാര്‍ മുന്നോട്ട് വയ്ക്കുന്നു.

എന്നാല്‍ നല്ല സ്വഭാവമുള്ള പല പുരുഷന്‍മാരും സിനിമയില്‍ ഉണ്ടെന്നും പല നടിമാരും കമ്മീഷന് മൊഴി നല്‍കി. കമ്മീഷന്‍3 00 പേജുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഇതോടൊപ്പം ആയിരകണക്കിന് അനുബന്ധ രേഖകളും നിരവധി ഓഡിയോ, വീഡിയോ ക്‌ളിപ്പിങ്ങുകളും സ്‌ക്രീന്‍ ഷോട്‌സും അടങ്ങുന്ന പെന്‍ഡ്രൈവും സമര്‍പ്പിച്ചിട്ടുണ്ട്.