ഇന്ത്യയിലെ പ്രിയപ്പെട്ട യുവാക്കളേ, മോദിയും ഷായും ചേര്‍ന്ന് നിങ്ങളുടെ ഭാവി നശിപ്പിച്ചു: രാഹുല്‍ ഗാന്ധി

single-img
22 December 2019

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തതു മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഇന്ത്യയെ വിഭജിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇപ്പോഴത്തെ പൗരത്വ ഭേദഗതി നിയമം എടുത്തുപറയാതെയായിരുന്നു അദ്ദേഹം വിഭജനമെന്ന ആരോപണമുന്നയിച്ചത്. ‘ഇന്ത്യയിലെ പ്രിയപ്പെട്ട യുവാക്കളേ, മോദിയും ഷായും ചേര്‍ന്നു നിങ്ങളുടെ ഭാവി നശിപ്പിച്ചു. രാജ്യത്തെ തൊഴിലില്ലായ്മയിലും സമ്പദ് വ്യവസ്ഥ തകര്‍ത്തതിലും നിങ്ങള്‍ക്കുള്ള രോഷം നേരിടാന്‍ അവര്‍ക്കാവില്ല.

അതിനാലാണ് അവര്‍ ഇന്ത്യയെ വിഭജിക്കുന്നതും വിദ്വേഷത്തിന്റെ മറവില്‍ ഒളിക്കുന്നതും. ഇതിനെതിരെ ഓരോ ഇന്ത്യക്കാരനോടും സ്‌നേഹം ചൊരിഞ്ഞു കൊണ്ടുമാത്രമേ അവരെ നമുക്കു തോല്‍പ്പിക്കാനാവൂ’, രാഹുൽ ട്വീറ്റ് ചെയ്തു. കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി ബില്ലും എന്‍ആര്‍സിയും ധ്രുവീകരണത്തിനു വേണ്ടി ഇന്ത്യക്കു മേല്‍ ഫാസിസ്റ്റുകള്‍ കെട്ടഴിച്ചുവിട്ട ആയുധങ്ങളാണെന്ന് രാഹുല്‍ നേരത്തേ ആരോപിച്ചിരുന്നു.