റണ്‍സ് വിട്ടുകൊടുക്കാതെ ആറു വിക്കറ്റ്; വനിതാ ട്വന്റി 20യില്‍ പുതിയ ലോക റെക്കോര്‍ഡ്

single-img
2 December 2019

വനിതകളുടെ അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ബൗളിംഗില്‍ പുതിയ ലോക റെക്കോര്‍ഡുമായി നേപ്പാളിന്റെ അഞ്ജലി ചന്ദ്. മാലദ്വീപിനെതിരെ നടന്ന മത്സരത്തില്‍ റണ്‍ വിട്ടുകൊടുക്കാതെ ആറ് വിക്കറ്റ് വീഴ്ത്തിയാണ് അഞ്ജലി ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന് ഉടമയായത്.

അഞ്ജലിയുടെ ഒറ്റയാൾ പ്രകടനത്തിന്റെ മുന്നില്‍ തകര്‍ന്നടിഞ്ഞ മാലദ്വീപ് 16 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 0.5 ഓവറില്‍നേപ്പാൾ ജയം കണ്ടു. മത്സരത്തിൽ 2.1 ഓവര്‍ എറിഞ്ഞ അഞ്ജലി തന്റെ ആദ്യ ഓവറില്‍ മൂന്ന് തവണയും രണ്ടാം ഓവറില്‍ രണ്ട് തവണയും വിക്കറ്റെടുത്തു. ഇയത്തിൽ മൂന്നാം ഓവറിലെ ആദ്യ പന്തിലും വിക്കറ്റ് വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കുകയായിരുന്നു.

2019 തുടക്കത്തിൽ ചൈനയുടെ വനിതാ ടീമിനെതിരെ മാലദ്വീപിന്റെ മാസ് എലീസ മൂന്ന് റണ്‍സിന് ആറ് വിക്കറ്റെടുത്തതായിരുന്നു വനിതാ ടി20യിലെ ഇതുവരെയുള്ള മികച്ച പ്രകടനം. അതേസമയം പുരുഷന്മാരുടെ ടി20യില്‍ ഇന്ത്യയുടെ ദീപക് ചാഹറിന്റെ പേരിലാണ് ഏറ്റവും മികച്ച ബൗളിംഗിനുള്ള റെക്കോര്‍ഡ്. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്തതാണ് പുരുഷ ടി20യിലെ ഏറ്റവും മികച്ച ബൗളിംഗ്.