പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മൂന്നാം ദിനം വിജയം; കാണികള്‍ക്ക് പണം മടക്കി നല്‍കും

single-img
25 November 2019

ഇന്ത്യയും ബംഗ്ളാദേശും തമ്മിൽ കൊല്‍ക്കത്ത ഈഡൻ ഗാര്‍ഡനില്‍ നടന്ന ഡേ നൈറ്റ് കളി കാണാന്‍ ടിക്കറ്റെടുത്ത ആരാധകര്‍ക്ക് പണം മടക്കി നല്‍കാന്‍ തീരുമാനം. ടെസ്റ്റ്മത്സരത്തിൽ ഇന്ത്യ മൂന്നുദിവസംകൊണ്ട് ജയിച്ചിരുന്നു. അതിനാൽ കളിയുടെ ശേഷിച്ച നാല്, അഞ്ച് ദിവസത്തെ ടിക്കറ്റിന്റെ പണമാണ് മടക്കി നല്‍കുക.

ഇന്ത്യ ജയിച്ച മൂന്നാം ദിവസം ആദ്യ ഒരു മണിക്കൂര്‍കൊണ്ടുതന്നെ ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു. ഇന്ത്യ ആദ്യമായി കളിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റ് കാണാന്‍ ധാരാളം ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്.

മത്സരത്തിലെ നാല്, അഞ്ച് ദിവസത്തെ ടിക്കറ്റുകള്‍ നേരത്തെതന്നെ വിറ്റുപോയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ വിജയശേഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് വിറ്റുപോയ ടിക്കറ്റിന്റെ പണം മടക്കി നല്‍കാന്‍ തീരുമാനിച്ചത്.

സാധാരണയായി മഴ മൂലമോ മറ്റ് കാരണങ്ങളിലോ മത്സരം ഏതെങ്കിലും തരത്തില്‍ നടക്കാതെ പോയാല്‍ മാത്രമേ പണം മടക്കിനല്‍കാറുള്ളൂ. പക്ഷെ ഇവിടെ തികച്ചും അസാധാരണ തീരുമാനമാണ് ബംഗാള്‍ അസോസിയേഷന്‍ കൈക്കൊണ്ടത്. മത്സരത്തിന് മുൻപ് തന്നെ പിങ്ക് ബോള്‍ ടെസ്റ്റിന് വലിയ രീതിയിലുള്ള പ്രചാരം നടന്നതിനാല്‍ സ്റ്റേഡിയം നിറഞ്ഞതായിരുന്നു കാണികൾ ഉണ്ടായിരുന്നത്.