ജെഎന്‍യു: വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ അറസ്റ്റില്‍; നിരോധനാജ്ഞ ലംഘിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ചുമായി വിദ്യാര്‍ത്ഥികള്‍ • ഇ വാർത്ത | evartha JNU Protest On Fee Hike LIVE Updates
Breaking News, National

ജെഎന്‍യു: വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ അറസ്റ്റില്‍; നിരോധനാജ്ഞ ലംഘിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ചുമായി വിദ്യാര്‍ത്ഥികള്‍

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. നിരോധനാജ്ഞയും പോലീസ് നിര്‍ദ്ദേശങ്ങളും മറികടന്ന് വിദ്യാര്‍ത്ഥികള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയാണ്. വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.

ഇതില്‍ ആഫ്രിക്ക അവന്യൂവിന് സമീപം എത്തിയ ഒരു സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ ഇന്ന് രാവിലെ അറസ്റ്റിലായ 56 വിദ്യാര്‍ത്ഥികളെ വിവിധ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ കസ്റ്റഡിയില്‍ പോലീസ് തല്ലിച്ചതച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ക്യാമ്പസ് ഹോസ്റ്റലില്‍ വര്‍ദ്ധിപ്പിച്ച ഫീസ് നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഈ മുന്നേറ്റത്തില്‍ പോലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ നേരിടാന്‍ പാര്‍ലമെന്റ് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.