ശബരിമല യുവതി പ്രവേശനം; പുനഃപരിശോധന ഹര്‍ജികളില്‍ വിധി ഇന്ന് • ഇ വാർത്ത | evartha Sabarimala woman entry ; Judgment on reconsideration petitions today
Breaking News, Kerala, Latest News, National

ശബരിമല യുവതി പ്രവേശനം; പുനഃപരിശോധന ഹര്‍ജികളില്‍ വിധി ഇന്ന്

ഡല്‍ഹി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേരള സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ വിധി സംസ്ഥാനത്തൊട്ടാകെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് പുനഃപരിശോധന ഹര്‍ജികളില്‍ ഇന്ന് വിധി പ്രസ്താവിക്കുന്നത്. നിര്‍ണായക വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ 10മുതല്‍ 50 വയസുവരെ പ്രായമായ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച് 1991ലാണ് കേരളാ ഹൈക്കോടതി വിധി വന്നത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടന്നു. ഒടുവില്‍ 2018 സെപ്റ്റംബര്‍ 28ന് യുവതി പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി വന്നു. ഭരണഘടനാ
ബെഞ്ചിലെ നാലു ജഡ്ജിമാര്‍ യുവതിപ്രവേശനം ശരിവച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര ആചാരനുഷ്ഠാനങ്ങളെ അനുകൂലിച്ചായിരുന്നു വിധി പറഞ്ഞത്.

വിധി നടപ്പാക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കം ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി. പലയിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടായി.65 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്. ഫെബ്രുവരി ആറിന് ഒറ്റദിവസത്തെ വാദം കേള്‍ക്കലിന് ശേഷം കേസ് വിധിപറയാന്‍ മാറ്റി വച്ചു. ഒമ്പത് മാസത്തിനും എട്ടു ദിവസത്തിനും ശേഷമാണ് പുനഃപരിശോഹന ഹര്‍ജികളില്‍ ഇന്ന് വിധി പറയുക.