ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ മുഖം; കൊറിയർ സ്ഥാപനത്തിന് പണം അയക്കാൻ ലിങ്കില്‍ വിരലമര്‍ത്തിയപ്പോള്‍ നഷ്ടമായത് 40,497 രൂപ

single-img
1 November 2019

ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ മുഖം ഉണ്ടായത് നമ്മുടെ കൊച്ചുകേരളത്തിലാണ്. ബാംഗ്ലൂർ ആസ്ഥാനമായ കൊറിയര്‍ സ്ഥാപനത്തിന്റെ പേരില്‍ നടന്ന ഓണ്‍ലൈന്‍ തട്ടിപ്പില്‍ തൃപ്പൂണിത്തുറ സ്വദേശികൾക്ക് നഷ്ടമായത് നാല്‍പ്പതിനായിരത്തിലധികം രൂപയാണ്.

തൃപ്പൂണിത്തുറയ്ക്ക് സമീപം പേട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കാണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടത്‌. ഇവർ തങ്ങൾ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പേട്ടയിലുള്ള ഒരു കൊറിയര്‍ സ്ഥാപനം വഴി കൊറിയര്‍ അയച്ചിരുന്നു. അയച്ചപ്പോൾ ചാര്‍ജില്‍ 10 രൂപ കുറവുണ്ടെന്ന് സ്ഥാപനത്തില്‍ നിന്നു വിളിച്ചറിയിച്ചു.

കുറവ് വന്ന തുക അടയ്ക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ലിങ്കില്‍ വിരല്‍ അമർത്തിയപ്പോൾ നാലു തവണയായി ഈ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരുടെ രണ്ട് അക്കൗണ്ടുകളില്‍ നിന്നായി 40,497 രൂപ പിന്‍വലിക്കപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻതന്നെ ജീവനക്കാര്‍ മരട് പോലീസില്‍ രേഖാമൂലം പരാതി നല്‍കി. ഇവർക്ക് കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് അയച്ചുനല്‍കിയ ഓണ്‍ലൈന്‍ ലിങ്കില്‍ ‘ഗൂഗിള്‍ പേ’ വഴി പണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്.

ഇതിനെ തുടർന്ന് പണം അയക്കാനായി ലിങ്കില്‍ വിരലമര്‍ത്തിയപ്പോള്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാലുപ്രാവശ്യമായാണ് തുക പിന്‍വലിക്കപ്പെട്ടതെന്ന് ബാങ്ക് രേഖകൾ കാണിക്കുന്നു. സമീപകാലത്തായി സമാനമായ നിരവധി പരാതികള്‍ ഉയരുന്നുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും മരട് പോലീസ് അറിയിച്ചു.