കൊച്ചിയില്‍ മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് കൗണ്‍സിലര്‍മാര്‍; തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം

single-img
29 October 2019

കൊച്ചി കോർപ്പറേഷൻ മേയര്‍ സൗമിനി ജെയിനിന് പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്ത്. കോണ്‍ഗ്രസിലെ തന്നെ ജോസ് മേരിയും സ്വതന്ത്ര ഗീതാ പ്രഭാകറുമാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ഇന്ന് രംഗത്തെത്തിയിരിക്കുന്നത്. നേതൃത്വം ഇടപെട്ട് മേയറെ മാറ്റിയാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തിനു നല്‍കി വരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് ഗീതാ പ്രഭാകര്‍ മുന്നറിയിപ്പ് നല്‍കി.

പാർട്ടിയിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങള്‍ കൗണ്‍സിലര്‍മാര്‍ അറിയുന്നില്ലെന്നും ചില നേതാക്കളുടെ താത്പര്യങ്ങളാണ് നിലവിലെ ബഹളങ്ങള്‍ക്കു കാരണമെന്നും ഇരുവരും പറഞ്ഞു. എന്നാൽ മേയറെ മാറ്റണമെന്ന തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണു ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. നേതൃത്വം ഈ വിവരം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മേയറോട് തിരുവനന്തപുരത്തെത്താന്‍ അദ്ദേഹം നിർദ്ദേശം നൽകി.

മുൻപ് മേയറെ മാറ്റാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. പക്ഷെ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തു ഭൂരിപക്ഷം കുറഞ്ഞതില്‍ മേയറെ മാറ്റില്ലെന്ന് മുല്ലപ്പള്ളി നേരത്തേ വ്യക്തമാക്കിയിരുന്നു.