തിരുവനന്തപുരത്ത് എൻഎസ്എസ് ഓഫീസിന് നേരെ ചാണകമേറ്: കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

single-img
24 October 2019

തിരുവനന്തപുരം: എന്‍എസ്എസ് കരയോഗം ഓഫീസിന് നേരെ ചാണകമെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള രാജാ കേശവദാസ സ്മാരക എൻഎസ്എസ് കരയോഗം ഓഫീസിന് നേരെയാണ് ചാണകമേറുണ്ടായത്.

ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മധുസൂദനനെ മ്യൂസിയം പൊലീസ് പിടികൂടി. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കരയോഗം ഓഫീസിന് മുന്നിലെ റോഡില്‍ നിന്നാണ് സമീപവാസിയായ മധുസൂദനന്‍ ചാണകമെറിഞ്ഞത്.  കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാള്‍ വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയത്തില്‍ അരിശം മൂത്ത് ബോധപൂര്‍വ്വം ചാണകമെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും തിരുവനന്തപുരം മേയറുമായ വികെ പ്രശാന്ത് അട്ടിമറി വിജയം കരസ്ഥമാക്കിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പിറകില്‍ മൂന്നാം സ്ഥാനത്തായിരുന്നു സിപിഎം. 2011 മുതല്‍ കെ.മുരളീധരനിലൂടെ കോണ്‍ഗ്രസ് നിലനിര്‍ത്തി വന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.