സുകുമാരൻ നായരുടെ ശരിദൂരം ശരിയാകാതെ പോയ തെരെഞ്ഞെടുപ്പ് ഫലം

single-img
24 October 2019

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ താരമായ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രതാപത്തെ വലിച്ച് താഴെയിട്ട തെരെഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. സമുദായ നേതാക്കളുടെ നിർദ്ദേശങ്ങൾ പാലിക്കാതെ രാഷ്ട്രീയം മാത്രം അടിസ്ഥാനമാക്കി ജനങ്ങൾ വോട്ട് ചെയ്ത ഒരു തെരെഞ്ഞെടുപ്പായിരുന്നു ഇപ്പോൾ കഴിഞ്ഞതെന്ന് പുറത്തുവരുന്ന ഫലങ്ങൾ വ്യക്തമാക്കുന്നു.

“ശരിദൂരം” എന്ന പേരിൽ സുകുമാരൻ നായർ നടത്തിയ രാഷ്ട്രീയ വിലപേശലുകൾക്ക് സമുദായാംഗങ്ങൾ വിലകൽപ്പിച്ചില്ല എന്ന് മനസിലാക്കാൻ വട്ടിയൂർക്കാവിലെ തെരെഞ്ഞെടുപ്പ് ഫലം മാത്രം നോക്കിയാൽ മതിയാകും. നായർ സമുദായത്തിൽപ്പെട്ടയാളും സുകുമാരൻ നായർ പരോക്ഷമായും പ്രത്യക്ഷമായും പിന്തുണ നൽകിയ ആളായിട്ടും മോഹൻ കുമാറിന് ഈ മണ്ഡലത്തിൽ വിജയിക്കാനായില്ല. മാത്രമല്ല ഈഴവ സമുദായാംഗമായ വികെ പ്രശാന്ത് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരിക്കുന്നു. നായർ സമുദായാംഗങ്ങൾ ‘ശരിദൂര’ത്തിനും ജാതിയ്ക്കും പുല്ലുവില കൽപ്പിച്ചിരിക്കുന്നു എന്നുവേണം കരുതാൻ.

ശബരിമല വിഷയം ഈ തെരെഞ്ഞെടുപ്പിനെ ഒട്ടും തന്നെ സ്വാധീനിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. താരതമ്യേന മതേതര നിലപാടുള്ള നായർ സമുദായാംഗങ്ങളെപ്പോലും ഹിന്ദുത്വ നിലപാടിലേയ്ക്ക് നയിക്കാൻ ഹിന്ദുത്വ സംഘടനകളെയും എൻഎസ്എസിനെത്തന്നെയും സഹായിച്ച ഘടകമായിട്ടാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ശബരിമല വിഷയം വിലയിരുത്തപ്പെട്ടത്. എന്നാൽ ശബരിമല വിഷയം അപ്രസക്തമായതോടെ ആ രാഷ്ട്രീയ നിലപാടുകളും കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ നിന്നും പതുക്കെ മാഞ്ഞുതുടങ്ങുമെന്നും കരുതാം.

സുകുമാരൻ നായർ മാത്രമല്ല ഈ തെരെഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സമുദായ നേതാവ്. അരൂരിൽ ഇടതുമുന്നണി ജയിക്കുമെന്ന് പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശൻ കൂടിയാണ്. അരൂരിൽ ഇടതുമുന്നണി പരാജയപ്പെടുകയും ചെയ്തു.