രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കഷ്ടകാലം മൻമോഹൻ സിംഗിന്റെ കാലം; ഭര്‍ത്താവിനെ തിരുത്തി നിര്‍മല സീതാരാമന്‍

single-img
16 October 2019

കേന്ദ്ര സർക്കാരും ബിജെപിയും നെഹ്‌റുവിനെ വിമർശിക്കുന്നത് നിർത്തി റാവു-സിംഗ് സാമ്പത്തിക മാതൃക സ്വീകരിക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകല പ്രഭാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോൾ തന്റെ ഭര്‍ത്താവിനെയടക്കം വിമര്‍ശിച്ചവരെ തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും റിസർവ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെയും കാലം ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കഷ്ടകാലമായിരുന്നെന്നാണ് നിര്‍മലയുടെ അഭിപ്രായം.

ഇന്ന് കൊളംബിയ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫയേഴ്‌സില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘ഈ വിഷയത്തിൽ എനിക്ക് പ്രതികരിക്കാന്‍ ഒരു മിനുട്ടാണ് ആവശ്യം. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ട അവസ്ഥയില്‍നില്‍ക്കുമ്പോള്‍ സെന്‍ട്രല്‍ ബാങ്കിന്റെ തലപ്പത്തേക്ക് കടന്നുവന്ന നല്ല പാണ്ഡിത്യമുള്ള രഘുറാം രാജനെ ഞാന്‍ ബഹുമാനിക്കുന്നു’- നിര്‍മല പറഞ്ഞു.

‘അദ്ദേഹം ആര്‍ബിഐയുടെ ഗവര്‍ണറായിരുന്ന കാലത്താണ് പങ്കാളിത്ത മുതലാളിമാര്‍ക്ക് ഒരു ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍മാത്രം ലോണുകള്‍ നല്‍കിയത്. എനിക്ക് ആരെയും പരിഹസിക്കാന്‍ ഉദ്ദേശമില്ല. പക്ഷെ അവര്‍ ഇരുവരോടുമുള്ള എല്ലാ ബഹുമാനത്തോടെയും കൂടെ പറയട്ടെ, സിങ്-രാജന്‍ കൂട്ടുകെട്ടുണ്ടായിരുന്ന കാലത്താണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ആ സമയത്ത് നമുക്കാര്‍ക്കും ഇത് അറിയില്ലായിരുന്നു എന്നതാണ് വസ്തുത’. നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചുമായിരുന്നു പരകല പ്രഭാകരന്‍ കഴിഞ്ഞ ദിവസം മുന്നോട്ടുവന്നത്. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ പുതിയ നയങ്ങള്‍ രൂപപ്പെടുത്തിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.