ജോളിയുമായി തെളിവെടുപ്പിന് പൊന്നാമറ്റം വീട്ടിൽ അന്വേഷണ സംഘം: കനത്ത സുരക്ഷ; കൂക്കിവിളിച്ച് നാട്ടുകാർ

single-img
11 October 2019

കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളി അടക്കം മൂന്നുപ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങി. ആദ്യമൂന്നുകൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യ തെളിവെടുപ്പ്. 

കൊലപാതകങ്ങള്‍ നടത്താൻ പ്രതി ഉപയോഗിച്ച സയനൈഡിന്റെ  ബാക്കിയുണ്ടെങ്കില്‍ അത് കണ്ടെടുക്കുകയാണ് തെളിവെടുപ്പിന്റെ പ്രധാന ലക്ഷ്യം. വിദഗ്ദ്ധ ഫൊറന്‍സിക് സംഘവും തെളിവെടുപ്പിനുണ്ട്.

പതിനൊന്നുമണിയോടെയാണ് ജോളിയെ അന്വേഷണസംഘം കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തിച്ചത്. വീടിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കേസിലെ പ്രതികളായ ജോളി, കൂട്ടുപ്രതികളായ പ്രജികുമാർ, മാത്യു എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.

വഴികള്‍ക്ക് ഇരുവശവും  വീടുകളുടെ മുകളിലുമായി നൂറുകണക്കിനാളുകളാണ് ജോളിയെ എത്തിക്കുന്നതിന് കാണാന്‍ തടിച്ചുകൂടിയത്. ജോളിയുമായി പൊലീസ് വാഹനം എത്തിയതോടെ കൂക്കിവിളികളുമായി ആളുകള്‍ അടുത്തു. പൊലീസ് ബലപ്രയോഗത്തിലൂടെ നാട്ടുകാരെ നീക്കിയശേഷമാണ് വാഹനം പൊന്നാമറ്റം വീടിന്റെ മുറ്റത്തെത്തിച്ചത്. തുടര്‍ന്ന് ജോളിയുമായി വന്ന വാഹനം വീടിന്റെ കാര്‍പോര്‍ച്ചിലേക്ക് മാറ്റി, മറ്റ് പ്രതികളുമായി വന്ന വാഹനങ്ങളും മുറ്റത്തെത്തിച്ചു. തുടര്‍ന്ന് സീല്‍ ചെയ്തിരുന്ന വീട് അന്വേഷണ ഉദ്യോഗസ്ഥര്‍ തുറന്നശേഷം പതിനൊന്നേകാലോടെയാണ് ജോളിയെ തെളിവെടുപ്പിനായി അകത്തേക്ക് കൊണ്ടുപോയത്.