ഗോവൻ ചലച്ചിത്ര മേള: പനോരമയില്‍ മലയാളത്തിൽ നിന്നും ജെല്ലികെട്ടും,ഉയരെയും കോളാമ്പിയും

single-img
6 October 2019

ഗോവയില്‍ ഉടൻ തുടങ്ങുന്ന ഇന്ത്യയുടെ അന്‍പതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് മലയാള സിനിമകള്‍. പുതുമുഖമായ മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്,ടി.കെ.രാജിവ് കുമാര്‍ സംവിധാനം ചെയ്ത കോളാമ്പി, എന്നിവയാണ് മേളയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അതേപോലെനോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ജയരാജിന്റെ ‘ശബ്ദിക്കുന്ന കലപ്പ’, നോവിന്‍ വാസുദേവ് സംവിധാനം ചെയ്ത ‘ഇരവിലും പകലിലും ഒടിയന്‍’ എന്നീ സിനിമകളും തെരഞ്ഞെടുക്കപ്പെട്ടു.

മേളയിലെ ഇന്ത്യന്‍ പനോരമയില്‍ ആകെ 26 ഫീച്ചര്‍ ചിത്രങ്ങളും 15 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതിൽ ഫീച്ചര്‍ ഫിലിം വിഭാഗം ജൂറി ചെയര്‍മാനാവുക മലയാളിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ ആണ്. ആകെ 76 രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലധികം ചിത്രങ്ങളാണ് ഇത്തവണത്തെ മേളയിലുള്ളത്.

ഈ വർഷത്തെ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ അമിതാഭ് ബച്ചനെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഉറി: ദ് സര്‍ജിക്കല്‍ സ്ട്രൈക്ക്, ഗലി ബോയ്, എഫ് 2, സൂപ്പര്‍ 30, ബദായി ഹോ എന്നിവയാണ് മുഖ്യധാര ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍. ഇവയ്‌ക്കെല്ലാം പുറമെ മേളയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി വിവിധ ഭാഷകളില്‍ നിന്നുള്ള 50 വര്‍ഷം പിന്നിട്ട മികച്ച 12 ചിത്രങ്ങള്‍ക്ക് പ്രത്യേക പ്രദര്‍ശനം ഉണ്ടാകും.