പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ ആയുധകടത്ത്‌ ; 80 കിലോ ആയുധങ്ങള്‍ കടത്തിയതായി റിപ്പോര്‍ട്ട്

single-img
25 September 2019

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയതായി റിപ്പോര്‍ട്ട്. ഇതിനു പിന്നില്‍ ഖലിസ്ഥാന്‍ ഭീകര സംഘടന കളാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് പഞ്ചാബിലേക്ക് ആയുധങ്ങള്‍ കടത്തിയത്. 80 കിലോ ആയുധങ്ങളാണ് പാകിസ്താനില്‍ നിന്ന് പഞ്ചാബിലേക്ക് എത്തിച്ചത്. ഐഎസ്ഐയുടെ സഹായത്തോടെയാണ് ആയുധങ്ങള്‍ കടത്തിയതെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

കാനഡയില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഖലിസ്ഥാന്‍ ഭീകരരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു വിവരം. പ്രോജക്ട് ഹാര്‍വെസ്റ്റിങ് കാനഡ് എന്ന പേരിലാണ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മാസങ്ങള്‍ക്കു മുമ്പ് സുരക്ഷാ ഏജന്‍സികള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികളും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും എയര്‍ ഫോഴ്സും വിഷയത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ താന്‍ തരാന്‍ ജില്ലയില്‍ നിന്ന് നാല് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ നടത്താനായിരുന്നു പദ്ധതി. ബല്‍വന്ത് സിങ്, ആകാശ് ദീപ്, ഹര്‍ഭജന്‍ സിങ്, ബല്‍ബീര്‍ സിങ് എന്നീ ഭീകരരാണ് പിടിയിലായത്. പിടികൂടിയവരില്‍ നിന്നും എകെ 47 റൈഫിളുകളും പിസ്റ്റളുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചെടുത്തു. സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും പിടിച്ചെടുത്തവയില്‍ പെടുന്നു. 10 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.