ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന് വെങ്കലം

single-img
18 September 2019

കസാകിസ്താനില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി ഇന്ത്യന്‍ വനിതാ താരം വിനേഷ് ഫോഗട്ട്. ഇന്ന് നടന്ന 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഗ്രീസിന്റെ മരിയ പ്രിവോലറാക്കിയെയാണ് വിനേഷ് തോല്‍പ്പിച്ചത്. ഇതിന് മുൻപ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ നേരത്തെ തോല്‍വി പിണഞ്ഞെങ്കിലും റെപ്പഷാഗെയിലൂടെ വെങ്കലമെഡലിനായി മത്സരിക്കാനിറങ്ങുകയായിരുന്നു.

തനിക്ക് ലഭിച്ച അവസരം ശരിയായി വിനിയോഗിച്ച ഇന്ത്യന്‍താരം വെങ്കലത്തിനായുള്ള ആദ്യ റൗണ്ടില്‍ യുക്രൈനിന്റെ യുലിയയെ 5-0ത്തിന് പരാജയപ്പെടുത്തി. തുടർന്ന് നടന്ന രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പറായ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്‍ഡിനെയാണ് വിനേഷ് മലര്‍ത്തിയടിച്ചത്. ഈ ജയത്തോടെ ടോക്യോ ഒളിമ്പിക്‌സിനുള്ള യോഗ്യതയും താരം സ്വന്തമാക്കി.

ഫൈനല്‍ മത്സരത്തില്‍ മുൻപ് രണ്ട്വട്ടം ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലം നേടിയ മരിയയേയും കീഴ്‌പ്പെടുത്തിയതോടെ വിനേഷ് ചരിത്രനേട്ടവും സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് , ഏഷ്യന്‍ ഗെയിംസുകളിൽ സ്വര്‍ണം നേടിയിട്ടുള്ള വിനേഷ്ഒളിമ്പിക് ക്വാട്ട ഉറപ്പിച്ചതോടെ ഇനി ഇതിനായുള്ള പരിശീലനം ആരംഭിക്കാനും താരത്തിന് കഴിയും.

രാജ്യത്ത് നിന്നും ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതാ ഗുസ്തി താരമാണ് വിനേഷ്. അതേസമയം ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ 50 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സീമാ ബിസ്ല റഷ്യയുടെ എക്കാറിന പോള്‍ഷുക്കിനോട് പരാജയപ്പെട്ടു. 3-11 എന്ന സ്‌കോറിനായിരുന്നു സീമയുടെ തോല്‍വി. സമാനമായി 57 കിലോ, 76 കിലോ വിഭാഗത്തില്‍ വെങ്കല മെഡലിനായി പോരാടിയ സരിത മോര്‍, കിരണ്‍ ബിഷ്നോയി എന്നിവരും തോല്‍വിയേറ്റുവാങ്ങി.