സിറിയയില്‍ വ്യോമാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു

single-img
29 August 2019

ഡമാസ്‌കസ്: സിറിയയിലെ വിമത കേന്ദ്രങ്ങളില്‍ നടന്ന വ്യോമാക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പിന്തുണയോടെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.

മാറാത അല്‍നുമാനിലും ഇഡ്‌ലിബിലെ ചിലപ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായതെന്ന് പ്രദേശവാസികള്‍ അറിയിച്ചു. സറാഖെബ് നഗരത്തിലെ ഒരു മാർക്കറ്റിൽ പതിച്ച ബോംബ് ഒരു പ്രധാന ജനവാസകേന്ദ്രത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്.

റഷ്യയുടെ പിന്തുണയോടെ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസ്സദിന്റെ സൈന്യം ആക്രമണം ശക്തമാക്കിയതോടെ നിരവധി ആളുകളാണ് പ്രദേശത്തുനിന്നും പലായനം ചെയ്തത്. അൽ ഖ്വൈദയുമായി ബന്ധമുണ്ടായിരുന്ന നുസ്രാ ഫ്രന്റ് എന്ന സംഘടനയിൽ പ്രവർത്തിച്ചിരുന്ന ജിഹാദികളാണ് പ്രദേശം നിയന്ത്രിക്കുന്നത്.

അതേസമയം സിറിയയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ തുർക്കിഷ് പ്രസിഡന്റ് ടയ്യിപ് എർദോഗൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായി ചർച്ച നടത്തി. സിറിയയിലെ ഇദ്ലിബ് പ്രദേശത്തുള്ള സാധാരണ ജനങ്ങളുടേ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി രണ്ടു നേതാക്കളും തമ്മിൽ സഹകരിക്കാൻ ധാരണയായതായി തുർക്കിഷ് വാർത്താ ഏജൻസിയായ അനദോളു റിപ്പോർട്ട് ചെയ്യുന്നു.