കളിക്കളത്തില്‍ ഇന്ത്യയും ബംഗ്ലാദേശും; മുഴങ്ങിയ രണ്ട് ദേശീയ ഗാനങ്ങളും പിറന്ന് വീണത് ഒരേ തൂലികത്തുമ്പിൽ നിന്ന്; ദേശീയതയുടെ സമവാക്യങ്ങളെ ഇല്ലാതാക്കിയ രവീന്ദ്രനാഥ ടാഗോര്‍

single-img
2 July 2019

ലോകകപ്പ് മത്സരവേദിയില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ആരംഭിക്കും മുന്‍പ് രണ്ട് രാജ്യങ്ങളുടെയും ദേശീയഗാനം മുഴങ്ങി. ഗ്യാലറികള്‍ നിശബ്ദമായ നിമിഷങ്ങളില്‍ ഉരുകിയൊലിച്ചത് ദേശീയതയെ നിര്‍വചിക്കുന്ന സമവാക്യങ്ങള്‍ കൂടിയാണ് എന്ന് എത്രപേര്‍ ഓര്‍ത്തിട്ടുണ്ടാകും? ആധുനിക ലോകം കണ്ടിട്ടുള്ള മഹാകവികളിൽ‍ ഒരാളായ രവീന്ദ്രനാഥ് ടാഗോറിന്റെ തൂലികയില്‍ നിന്നാണ് ഇന്ത്യയുടെ മാത്രമല്ല ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങൾ‍ പിറന്നു വീണത്. (ഇന്ത്യന്‍ ദേശീയ ഗാനമായ- ജനഗണമന…, ബംഗ്ലാദേശ് ദേശീയ ഗാനമായ:− അമർ‍ സോനാ ബംഗ്ലാ…)

ഗ്യാലറിയില്‍ ഇരുന്ന കാണികളോ രണ്ട് രാജ്യങ്ങളിലെയും കളിക്കാരോ രണ്ട് ലക്ഷത്തിപ്പതിനായിരം വരി കവിതകളും പതിനാല് നോവലുകളും നൂറിലധികം ചെറുകഥകളും എൺപത്തിയൊന്ന്‌ നാടകങ്ങളും ഇരുപതോളം ഗദ്യകൃതികളും അനേകം ചിത്രങ്ങളും കാർട്ടൂണുകളും നമുക്ക് നല്‍കിയ ടാഗോറിനെ ഓര്‍ത്തിട്ടുണ്ടാകുമോ?

രാജ്യങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കുന്നതിനും എത്രയ മുന്‍പ് തന്നെ ദേശാതിർ‍ത്തികളോടുള്ള മനോവിഭ്രമമായി മാറുന്ന അമിതദേശസ്‌നേഹത്തിന്റെ അപകടത്തെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽ‍കിയിട്ടുണ്ട്. “തിന്മ എന്നതിന്റെ നിഷ്ഠുരമായ മഹാമാരിയാണ് ദേശീയത. വർ‍ത്തമാനയുഗത്തിലെ മനുഷ്യരാശിയെ, അതിന്റെ ധാർ‍മ്മിക തേജസ്സിനെ വിഴുങ്ങുന്ന ഒരു മഹാമാരി.” ഇന്ത്യ ഭാവിയില്‍ നേരിടാൻ പോകുന്ന പ്രശ്‌നങ്ങളുടെ അടിത്തറ തന്നെ ദേശീയതയായിരിക്കുമെന്ന് മഹാകവി എത്രയ കാലം മുന്‍പേ ദീർ‍ഘദർ‍ശനം ചെയ്തു.

രത്‌നങ്ങള്‍ക്കുള്ള വില നൽ‍കി ചില്ലുകഷ്ണങ്ങൾ‍ വാങ്ങുന്നതിന് സമാനമാണ് ദേശീയതയിൽ‍ അഭയമന്വേഷിക്കൽ‍. ഒരിക്കല്‍ പോലും തന്റെ അഭയസ്ഥാനം ദേശീയതയല്ലെന്നും അത് മനുഷ്യരാശിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മത്സരങ്ങള്‍ കളിക്കളത്തില്‍ നടക്കട്ടെ മനുഷ്യന്റെ ഹൃദയങ്ങള്‍ മാനവികതയില്‍ ഊന്നട്ടെ അതാകും ടാഗോറിന് അദ്ദേഹത്തിന്റെ ജനതയായ നമുക്ക് നല്‍കാന്‍ സാധിക്കുന്ന സംഭാവന.