പ്രകാശ് തമ്പിയും വിഷ്ണുവും സ്വർണക്കടത്ത് തുടങ്ങിയത് ബാലഭാസ്കറിന്റെ മരണശേഷമെന്ന് ഡിആർഐ

single-img
19 June 2019

തിരുവനന്തപുരം ∙ സംഗീതജ്ഞൻ ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്കര്‍ ജീവിച്ചിരുന്ന സമയത്ത് സ്വര്‍ണം കടത്തിയതായി തെളിവില്ലെന്ന് ഡിആര്‍ഐ. ബാലഭാസ്കറിന്റെ മരണശേഷമാകാം ഇവർ സ്വർണക്കടത്തിലേയ്ക്ക് തിരിഞ്ഞതെന്നാണ് ഡിആർഐയുടെ അനുമാനം.

രണ്ടുപേരും ചേര്‍ന്ന് ഇതുവരെ 200 കിലോയോളം സ്വര്‍ണം കടത്തിയതായി ഡിആർഐ കണ്ടെത്തി. നവംബര്‍ മുതല്‍ മെയ് വരെയുള്ള ഏഴ് മാസങ്ങളിലായി പ്രകാശ് തമ്പി 8 തവണയും വിഷ്ണു 6 തവണയും ദുബായിലേക്ക് യാത്ര ചെയ്തുവെന്നാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തിലെ ക്യാരിയറായി കണ്ടെത്തിയിട്ടുള്ളവരും ഇതേദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. സ്ത്രീകളെ മറയാക്കിയായിരുന്നു ഇവരുടെ സ്വർണകടത്തെന്നും ഡിആര്‍ഐ കണ്ടെത്തി. ഇവരോടൊപ്പം സ്വർണകടത്തിൽ പങ്കാളികളായ നാല് സ്ത്രീകൾ ഒളിവിലാണെന്നും ഡിആർഐ വിശദമാക്കി.

ഇത്രയും യാത്രകളിലായി പ്രകാശ് തമ്പി 60 കിലോയും വിഷ്ണു 150 കിലോയും സ്വര്‍ണം കടത്തിയെന്നാണു നിഗമനം. എന്നാല്‍ ഈ സ്വര്‍ണക്കടത്തെല്ലാം ബാലഭാസ്കര്‍ മരിച്ചതിനു ശേഷമാണ്. അതിനു മുന്‍പ് വളരെ കുറച്ച് തവണ മാത്രമേ ഇരുവരും ദുബായിലേക്കു പോയിട്ടുള്ളു. അതുകൊണ്ട് ബാലഭാസ്കര്‍ ജീവിച്ചിരിക്കെ സ്വര്‍ണക്കടത്തുള്ളതായി കരുതുന്നില്ല.

പ്രകാശ് തമ്പിക്കു പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെയും ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് ഡിആർഐ അവകാശപ്പെടുന്നത്. ബാലഭാസ്കറിന്റെ മരണശേഷമാണ് ആ പേരു പറഞ്ഞ് പ്രകാശ് തമ്പി പരിചയപ്പെട്ടതെന്നു സ്വര്‍ണക്കടത്തിന് അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, കാരിയര്‍ എന്നതിനപ്പുറം അഡ്വ. ബിജുവിനൊപ്പം സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നയാളാണു വിഷ്ണു. ദുബായിലെത്തുന്ന കാരിയര്‍മാര്‍ക്കു സ്വര്‍ണം എത്തിച്ച് നല്‍കുന്നതും സൗകര്യങ്ങളേര്‍പ്പാടാക്കുന്നതും വിഷ്ണുവിന്റെ ജോലിക്കാരാണെന്നും ഡിആര്‍ഐ പറയുന്നു.