ബാറ്റിംഗ്, ബൌളിംഗ്, ഫീല്‍ഡിങ്ങ്: കളിയുടെ മൂന്ന് വിഭാഗത്തിലും പാകിസ്താനെ പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്: ഷാഹിദ് അഫ്രീദി

single-img
17 June 2019

ലോകകപ്പില്‍ ഇതുവരെ ഇന്ത്യയോട് ജയിക്കാനായിട്ടില്ലെന്ന നാണക്കേട് പാകിസ്താന് ഒരിക്കല്‍ക്കൂടി തിരുത്താനായില്ല. മാഞ്ചസ്റ്ററില്‍ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ പൊരുതാന്‍ പോലുമാകാതെ 89 റണ്‍സിന് തോറ്റതോടെ പാകിസ്താന്‍ മുന്‍ താരങ്ങളും ഇപ്പോഴത്തെ ടീമിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പാക് മുന്‍ ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ഷാഹിദ് അഫ്രീദി ഇന്ത്യന്‍ വിജയത്തെ പുകഴ്ത്തി.

ക്രിക്കറ്റ് കളിയുടെ മൂന്ന് വിഭാഗങ്ങളിലും പാകിസ്താനെ പിന്നിലാക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേതെന്ന് അഫ്രീദി വിലയിരുത്തി. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവാരം അത്യുന്നതിയിലാണ്. ബിസിസിഐയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ടീമിനുള്ള ഇപ്പോഴത്തെ മികവിന്റെ പ്രധാന കാരണം ഐപിഎല്‍ ആണ്.

പുതുതായി കളിക്കാരെ കണ്ടെത്തുന്നതിലും അവരുടെ കഴിവ് വികസിപ്പിക്കുന്നതിലും ഐപിഎല്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് അഫ്രീദി പറഞ്ഞു. തുടര്‍ച്ചയായി വലിയ ഇന്നിങ്‌സുകള്‍ കളിക്കുക എന്നത് പ്രധാനമാണ്. ഓരോ കളിയും 40-50 റണ്‍സുകള്‍ നേടുന്ന വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ കഴിയണം.

മത്സരങ്ങളില്‍ ഫീല്‍ഡിങ്ങിന് പ്രധാന റോളാണുള്ളതെന്നും 70-80 ശതമാനം മത്സരങ്ങളിലും ഫീല്‍ഡിങ് വിജയത്തെ നിര്‍ണയിക്കുന്നുണ്ടെന്നും അഫ്രീദ് പറയുന്നു. അഫ്രീദിയെപോലെ മുന്‍ ക്യാപ്റ്റന്‍ വസിം അക്രവും ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബിസിസിഐ ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റിന് നല്‍കുന്ന പ്രാധാന്യം അവരുടെ മികവിന് കാരണമാകുന്നുണ്ടെന്ന് അക്രം പറഞ്ഞു.