സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും യോഗി സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല; ഐഎംഎ നിശബ്ദത പാലിക്കുന്നതിനെതിരെ ഡോ കഫീല്‍ ഖാന്‍

single-img
15 June 2019

പശ്ചിമ ബംഗാളിൽ സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച ഡോക്ടര്‍മാരുടെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടപടിയ്‌ക്കെതിരെ ഗോരഖ്പൂരിലെ ഡോ. കഫീല്‍ ഖാന്‍. യുപിയിൽ തനിക്ക് യോഗി ആദിത്യനാഥ് സര്‍ക്കാറില്‍ നിന്നും അതിക്രമം നേരിടേണ്ടി വന്നപ്പോള്‍ മൗനം പാലിച്ച അസോസിയേഷൻ നടപടിയെയാണ് കഫീല്‍ ഖാന്‍ വിമര്‍ശിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടുവരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഖാന് നഷ്ടപരിഹാരം നല്‍കുകയോ എന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല.

Donate to evartha to support Independent journalism

തനിക്കെതിരെ ഇത്തരത്തിൽ പ്രതികാരം ഉണ്ടായപ്പോഴും ഇതിനെതിരെ ഐഎംഎ യാതൊരു നടപടിയുമെടുത്തില്ലെന്നാണ് കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നത്.

‘ ബംഗാളിലെ സമരത്തിന് പിന്തുണയായി ഒരു ദിവസം പണിമുടക്കി സമരം ചെയ്യണമെന്ന് ഇന്ന് ചില ഡോക്ടര്‍മാര്‍ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എന്നെ സമരത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ഞാനവരോട് പറഞ്ഞു.’ കഫീല്‍ ഖാന്‍ ട്വീറ്റു ചെയ്തു.

‘ പ്രിയപ്പെട്ട ഐ.എം.എ, എനിക്ക് അലവന്‍സ് നല്‍കാനും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും സുപ്രീം കോടതി വരെ ഉത്തരവിട്ടിട്ടും കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. നിങ്ങൾ എനിക്കുവേണ്ടിയും ഒരു പ്രസ്താവന ഇറക്കൂ. കാരണം ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതാണ്. എനിക്കും കുടുംബമുണ്ട്.’ അദ്ദേഹം പറഞ്ഞു.

യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത ഡോ.കഫീല്‍ ഖാന് അലവന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണം എന്നും കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഇന്ദിര ബാനര്‍ജി എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു. കഴിഞ്ഞ 20 മാസത്തെ അലവന്‍സാണ് കഫീല്‍ ഖാന് യുപി സര്‍ക്കാര്‍ നല്‍കാനുള്ളത്.

രണ്ട് വർഷങ്ങൾക്ക് മുൻപ് ഗോരഖ്പൂര്‍ ബിആര്‍ഡി ഗവ.മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ 70 കുട്ടികള്‍ മരിച്ച സംഭവത്തോടെയാണ് കഫീല്‍ ഖാന്‍ പൊതുശ്രദ്ധയില്‍ വരുന്നത്.അദ്ദേഹം സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കി പുറത്ത് നിന്ന് ഓക്സിജന്‍ സിലണ്ടര്‍ എത്തിച്ചാണ് ബാക്കിയുള്ളവരുടെ ജീവന്‍ രക്ഷിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ആശുപത്രികളിൽ ഓക്സിജന്‍ സപ്ലൈ ചെയ്യുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന കഫീല്‍ ഖാന്റെ വെളിപ്പെടുത്തല്‍ സംസ്ഥാന സര്‍ക്കാറിനെ ചൊടുപ്പിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് കഫീല്‍ ഖാനെതിരെ പ്രതികാര നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയുമായിരുന്നു. അറസ്റ്റിനെ തുടർന്ന് 2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ കഫീല്‍ ജയിലിലായിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് നൽകിയത്.