പ്രാദേശിക ഭാഷകൾ വേണ്ട; ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് മതിയെന്ന് ജീവനക്കാരോട് ദക്ഷിണ റെയിൽവേ: വിവാദമായപ്പോൾ ഉത്തരവ് പിൻവലിച്ചു

single-img
14 June 2019

ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷോ ഹിന്ദിയോ മാത്രം ഉപയോഗിച്ചാൽ മതിയെന്നും പ്രാദേശിക ഭാഷകൾ ഔദ്യോഗികമായ കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും ജീവനക്കാർക്ക് നൽകിയ സർക്കുലർ വിവാദമായതിനെത്തുടർന്ന്
ദക്ഷിണ റെയിൽവേ പിൻവലിച്ചു.

ഇംഗ്ലീഷോ ഹിന്ദിയോ മാത്രമേ റെയില്‍വേ ഡിവിഷണല്‍ കണ്‍ട്രോള്‍ ഓഫീസും സ്റ്റേഷന്‍ മാസ്റ്റര്‍മാരും തമ്മില്‍ സംസാരിക്കുമ്പോള്‍ ഉപയോഗിക്കാവൂ എന്ന സര്‍ക്കുലര്‍ ബുധനാഴ്ചയാണ് ദക്ഷിണ റെയില്‍വേ പുറത്തിറക്കിയത്. ഔദ്യോഗികമായ ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുത് എന്നും നിര്‍ദേശിച്ചു. ഇതിനെതിരെ തമിഴ്നാട്ടിൽ വലിയ പ്രതിഷേധം ഉണ്ടായതിനെത്തുടർന്നാണ് സർക്കുലർ പിൻവലിച്ചത്.

കണ്‍ട്രോള്‍ റൂമുകളിലും, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളിലും ആശയക്കുഴപ്പം വരാതിരിക്കാനുള്ള ഉപായം എന്ന നിലയില്‍ മാത്രമാണ് രണ്ട് ഭാഷകള്‍ മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതെന്നും, സിഗ്‍നലുകള്‍ തെറ്റാതിരിക്കാനുള്ള വഴിയാണിതെന്നും ദക്ഷിണ റെയില്‍വെ ജിഎം ഗജാനന്‍ മല്യ മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്‍റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഭാഷയുടെ പേരില്‍ റെയില്‍വെയിലും വിവാദമുണ്ടായത്.