നിപ ബാധിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി: സംസ്ഥാനത്ത് 311 പേർ നിരീക്ഷണത്തിൽ

single-img
4 June 2019

കൊച്ചി: എറണാകുളത്ത് നിപ സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി. പനിയിൽ നേരിയ കുറവുണ്ടെന്ന് മെഡിക്കൽ ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് 311 പേർ നിപ നിരീക്ഷണത്തിലാണെന്ന് സർക്കാർ അറിയിച്ചു. നാല് പേരെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചെന്നും സർക്കാർ വ്യക്തമാക്കി. ഇവരിൽ മൂന്ന് പേർ രോഗിയെ പരിചരിച്ചവരും ഒരാൾ രോഗിയുടെ സഹപാഠിയുമാണ്. തൃശൂർ,എറണാകുളം, ഇടുക്കി, കൊല്ലം എന്നീ ജില്ലക്കാരാണ് 311 പേരിലുള്ളത്.

നിലവിൽ ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധ ഉണ്ടാകാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും മെഡിക്കൽ ബുള്ളറ്റിൻ വിശദമാക്കുന്നു. പനി പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേ സമയം തൃശൂരില്‍ പനിയുമായി പ്രവേശിച്ച മൂന്ന് പേരുടേതും സാധാരണപനിയാണെന്നും അവരുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

കൊല്ലത്ത് രോഗലക്ഷണങ്ങളുമായി ഒരാള്‍ നിരീക്ഷണത്തിലുണ്ട്. തുടര്‍ന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ട്.