വ്യോമസേനയുടെ ഫ്രാൻസിലെ റഫേൽ പ്രൊജക്ട് ഓഫീസിൽ മോഷണശ്രമം: വിവരങ്ങൾ ചോർത്താനുള്ള ശ്രമമെന്ന് നിഗമനം

single-img
22 May 2019

ഇന്ത്യൻ വ്യോമസേനയുടെ ഫ്രാൻസിലെ റഫേൽ പ്രൊജക്ട് മാനേജ്മെന്റ് ടീം ഓഫീസിൽ ഞായറാഴ്ച രാത്രി അജ്ഞാതരുടെ മോഷണശ്രമം. ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള രേഖകൾ കൈവശപ്പെടുത്താനുള്ള ശ്രമമായിരുന്നു ഇതെന്ന് സംശയിക്കപ്പെടുന്നു.

പാ‍രീസ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സെയിന്റ് ക്ലൌഡ് ഭാഗത്തായി ദസോ ഏവിയേഷൻ കമ്പനിയുടെ ഓഫീസിനടുത്തായാണ് ഇന്ത്യൻ വ്യോമസേനയുടെ റഫേൽ പ്രൊജക്ട് മാനേജ്മെന്റ് ടീം ഓഫീസ് സ്ഥിതി ചെയ്യുന്നത്. വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഒരു ഓഫീസർ നയിക്കുന്ന റഫേൽ പ്രോജക്ട് ടീം ആണ് ദസോ ഇന്ത്യയ്ക്കായി നിർമ്മിക്കുന്ന 36 റഫേൽ യുദ്ധവിമാനങ്ങളുടെ നിർമ്മാണം, ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിമാനത്തിലുള്ള പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നത്.

പ്രോജക്ട് ഓഫീസിൽ മോഷണശ്രമമുണ്ടായെന്നും എന്നാൽ ഹാർഡ് ഡിസ്കുകളോ മറ്റെന്തെങ്കിലും രേഖകളോ മോഷണം പോയിട്ടില്ലെന്നും വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസിയായ എഎനൈ റിപ്പോർട്ട് ചെയ്യുന്നു.

പണമോ മറ്റു വിലപിടിപ്പുള്ള എന്തെങ്കിലുമോ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്നതിനാലാണ് രേഖകൾ കൈവശപ്പെടുത്തുന്നതിനാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടതെന്ന് ഉദ്യോഗസ്ഥർ കരുതുന്നത്. സംഭവത്തെക്കുറിച്ച് വ്യോമസേന ഉദ്യോഗസ്ഥർ പ്രതിരോധമന്ത്രാലയ്ത്തിന് റിപ്പോർട്ട് നൽകി. വിഷയം ഫ്രഞ്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.