‘തീയും പുകയും തുപ്പി’ ഭൂമിക്കടിയില്‍ നിന്ന് ലാവ പുറത്തേക്ക്: ഭൂകമ്പ പേടിയില്‍ നാട്ടുകാര്‍

single-img
17 May 2019

ഭൂമിക്കടിയില്‍ നിന്ന് അഗ്‌നിപര്‍വത ലാവ കണക്കെ കത്തുന്ന ദ്രാവകം പൊങ്ങിവരുന്നു. അഗര്‍ത്തലയിലെ മധുബനിലാണ് ഈ പ്രതിഭാസം. റോഡിന് സമീപത്ത് വൈദ്യുത പോസറ്റുകള്‍ക്കടുത്തായാണ് ഇത്തരം ലാവപോലെയുള്ള ദ്രാവകം പുറത്തേക്ക് വരുന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഈ പ്രതിഭാസം തൃപുരയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് മുമ്പ് തൃപുരയിലെ ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള സബ്‌റൂം ഏരിയയിലാണ് മൂന്നുതവണ ഇതേ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തത്.

വിവരമറിഞ്ഞ് തൃപുര സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ ഗവേഷകര്‍ സ്ഥലത്തെത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. മേഖലയിലെ ഭൗമഫലകങ്ങളുടെ ചലനത്തെ തുടര്‍ന്നാണ് ഇത്തരം പ്രതിഭാസങ്ങളുണ്ടാകുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ഭൂചലന സാധ്യത കൂടിയ സോണ്‍ അഞ്ചിലാണ് തൃപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ശക്തമായ ഭൂചലനമുണ്ടായേക്കാന്‍ സാധ്യതയുള്ള മേഖലയായാണ് ഭൂകമ്പശാസ്ത്രജ്ഞര്‍ ഈ മേഖലയെ കണക്കാക്കുന്നത്.