തെരഞ്ഞെടുപ്പ് ഫലം 23ന് തന്നെ അറിയാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

single-img
9 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം മെയ് 23 ന് തന്നെ അറിയാനാകില്ലെന്ന് സൂചന. കൂടുതൽ വിവി പാറ്റ് സ്ലിപ്പുകൾ എണ്ണുന്ന സാഹചര്യത്തിൽ ഫലപ്രഖ്യാപനം ഒരുദിവസം വൈകാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.

നേരത്തേ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് കമ്മിഷൻ തീരുമാനിച്ചത്. എന്നാൽ, അഞ്ചുവീതം ബൂത്തിലെ സ്ലിപ്പെണ്ണാൻ ഏപ്രിൽ 24-ന് സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.  ഇതിന് അഞ്ചു മുതൽ ആറു മണിക്കൂർ കൂടുതൽ വേണ്ടിവരുമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.

ഇതോടെ അന്തിമ ഫലപ്രഖ്യാപനം മേയ് 24-ലേക്ക്‌ നീളുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ‌റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പുപ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാൻ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എങ്കിലും എണ്ണണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി തള്ളിക്കളഞ്ഞു.