പീഡന പരാതി: അന്വേഷണ സമിതിക്കെതിരെ മുതിർന്ന ജഡ്ജിമാരെന്ന് റിപ്പോർട്ട്; നിഷേധിച്ച് സുപ്രീം കോടതി

single-img
5 May 2019

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡന പരാതിയില്‍ ഏകപക്ഷീയമായി അന്വേഷണം നടത്തുന്നതിനോട് വിയോജിച്ച് മുതിര്‍ന്ന ജ‍‍ഡ്ജിമാര്‍. പരാതിക്കാരി സഹകരിക്കില്ലെന്നു വ്യക്തമാക്കിയിട്ടും ആഭ്യന്തര അന്വേഷണം തുടരുന്നതിനെതിരെയാണ് മുതിര്‍ന്ന ജഡ്ജിമാരായ റോഹിന്റൻ നരിമാനും ഡി.വൈ. ചന്ദ്രചൂഢും രംഗത്തുവന്നത്. സമിതി അംഗങ്ങളെ നേരിട്ടു കണ്ടാണ് ഇരുവരും ആശങ്ക അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഈ വാര്‍ത്ത നിഷേധിച്ച് സുപ്രീം കോടതി വാര്‍ത്താ കുറിപ്പ് ഇറക്കി.  ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്‍റൻ നരിമാനും സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര സമിതിയെ നേരിട്ട് കാണുകയോ പരാതി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് സുപ്രീം കോടതി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിൽ പറയുന്നത്. അന്വേഷണ സമിതി സ്വന്തം നിലയ്ക്കാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിൽ മറ്റു ജഡ്ജിമാരുടെ അഭിപ്രായങ്ങൾ തേടാറില്ലെന്നു സുപ്രീം കോടതി സെക്രട്ടറി ജനറൽ അറിയിച്ചു.

അന്വേഷണ സമിതിയ്ക്കെതിരെ താൻ നിലപാടെടുത്തെന്ന വാർത്ത നിഷേധിച്ച് ജസ്റ്റിസ് റോഹിന്‍റൻ നരിമാൻ നേരത്തെ രംഗത്തെത്തിയിരുന്നു. ജഡ്ജിമാര്‍ക്ക് എതിര്‍പ്പ് ഉണ്ടെന്ന വാര്‍ത്ത വലിയ മാധ്യമ ശ്രദ്ധ നേടിയിട്ടും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം നിഷേധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനും ജഡ്ജിമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവർ അംഗങ്ങളുമായ ആഭ്യന്തര അന്വേഷണ സമിതിയാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ പീഡനപരാതി അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം 26, 29, 30 തീയതികളിൽ പരാതിക്കാരി സമിതിക്കു മുൻപിൽ ഹാജരായിരുന്നു. എന്നാൽ പ്രവർത്തന രീതിയിലെ അതൃപ്തി വ്യക്തമാക്കി സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. സമിതിയിൽനിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു.