സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം; സുപ്രീംകോടതിയില്‍ പൊതുതാൽപര്യ ഹർജിയുമായി ബിജെപി നേതാവ്

single-img
28 April 2019

വ്യക്തികൾ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രിംകോടതിയില്‍ പൊതുതാൽപര്യഹർജിയുമായി ബിജെപി നേതാവ്. പ്രമുഖ അഭിഭാഷകനും ഡൽഹിയിലെ ബിജെപിയുടെ നേതാവുമായ അശ്വനി ഉപാധ്യായയാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. അതോടൊപ്പംതന്നെ, ആധാറുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇന്ത്യയിലിപ്പോൾ 35 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍, 325 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയില്‍ 10 ശതമാനംവരെ വ്യാജമാണെന്നും അശ്വനി ഉപാധ്യയ നല്‍കിയ ഹർജിയിൽ വ്യക്തമാക്കി.

രാജ്യത്തുണ്ടാകുന്ന ധാരാളം കലാപങ്ങളും വര്‍ഗീയ ലഹളകളും സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഉണ്ടാവുന്നതെന്നും ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്, അതിലൂടെ പലപ്പോഴും പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന സംശയമുണ്ടാകുന്നുണ്ടെന്നും അശ്വനി ഉപാധ്യായ പറഞ്ഞു.