മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പകരം പി.കെ ഫിറോസ്?

single-img
30 January 2019

പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കുറി ലോക്സഭയിലേക്ക് മത്സരിക്കില്ലെന്ന് അഭ്യൂഹം. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരണം എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹം. അങ്ങനെയെങ്കിൽ മലപ്പുറത്ത് നിന്നും ലീഗിലെ യുവനേതാക്കളിൽ ഒരാളായ പി.കെ ഫിറോസ് ലോക്സഭയിലേക്കു മത്സരിച്ചേക്കും.

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ചില്ലെങ്കിൽ നിലവിൽ പൊന്നാനിയെ പ്രതിനിധീകരിക്കുന്ന ഇ.ടി. മുഹമ്മദ് ബഷീർ ഇവിടേക്ക് മാറുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ പി.കെ ഫിറോസ് പൊന്നാനിയിൽ മത്സരിക്കും എന്നും അഭ്യൂഹം ഉണ്ട്. ലോക്സഭാ തിര‌ഞ്ഞെടുപ്പിൽ യു.ഡി.എഫിൽ മൂന്ന് സീറ്റുകൾ ചോദിക്കാനൊരുങ്ങുകയാണ് ലീഗ്. അതിനിടെയാണ് ഈ അഭ്യൂഹവും പുറത്തുവരുന്നത്.

മലപ്പുറം ലീഗിന്റെ ഉറച്ച കോട്ടയാണ്. വോട്ടിംഗ് കണക്കുകളിൽ പൊന്നാനി യു.ഡി.എഫിന് വിജയസാദ്ധ്യതയുള്ള സീറ്റാണ്. പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പിൽ തവനൂരിലും താനൂരിലും പൊന്നാനിയിലും ഇടത് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ഇടതുമുന്നണി കരുത്തനായ സ്ഥാനാർത്ഥിയെ നിറുത്തിയാല്‍ ഇക്കുറി പോരാട്ടം കടുക്കും. അതിനാൽ മുതിർന്ന നേതാവായ ഇ.ടി. മുഹമ്മദ് ബഷീറിനെ സുരക്ഷിതമായ മലപ്പുറത്ത് നിർത്തണം എന്ന ആവശ്യമാണ് അണികളില്‍ ചിലര്‍ ഉന്നയിക്കുന്നത്.

കേന്ദ്രത്തിൽ യു.പി.എ സർക്കാർ അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി കേന്ദ്രമന്ത്രിയാവാനുള്ള സാദ്ധ്യത ഏറെയാണ്. അതിനാൽ,​ ഇക്കുറി കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ലീഗ് അണികൾ.