സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസം: ലെവി സംഖ്യ 80 ശതമാനം തിരിച്ചു നല്‍കും

single-img
22 December 2018

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിലെ വിദേശി ജോലിക്കാരുടെ ലെവി സംഖ്യ 80 ശതമാനം തിരിച്ചു നല്‍കും. ഇതിനായി ചെറിയ, ഇടത്തരം സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ‘മുന്‍ശആത്ത്’ വഴിയാണ് അപേക്ഷിക്കേണ്ടത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കുക, ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രോല്‍സാഹനവും സര്‍ക്കാര്‍ സഹായവും ലഭ്യമാക്കുക എന്നതാണ് ഈ ആനുകൂല്യത്തിലൂടെ ‘മുന്‍ശആത്ത്’ ലക്ഷ്യമാക്കുന്നത്.

വിദേശികളുടെ ലെവി ഉള്‍പ്പെടെ ഒമ്പത് ഇനം സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചുനല്‍കാനാണ് മന്ത്രാലയ സമിതി തീരുമാനിച്ചത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളിലെ ജോലിക്കാരുടെ ആശ്രിത ലെവി തിരിച്ചു ലഭിക്കില്ല. സി.ആര്‍ തുറക്കുന്നതിന് ചെലവായ ഫീസ്, ചേമ്പര്‍ റജിസ്ട്രേഷന്‍ ഫീസ്, സൗദി പോസ്റ്റില്‍ ഡോര്‍ ഡെലിവറിക്കുള്ള ’വാസില്‍’ അംഗത്വ ഫീസ്, ബലദിയ ലൈസന്‍സ് ഫീസ്, ട്രേഡ് മാര്‍ക്ക് റജിസ്ട്രേഷന്‍, സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള ലൈസന്‍സ്, എസ്റ്റാബ്ളിഷ്മെന്‍റിനെ കമ്പനിയാക്കാന്‍ ചെലവായ ഫീസ്, സ്ഥാപന കോണ്‍ട്രാക്ട് പബ്ളിഷിങ്ങ് ഫീസ് തുടങ്ങിയവയാണ് ലെവിക്ക് പുറമെ തിരിച്ചു നല്‍കുക.

ഇതില്‍ ലെവി ഒഴിച്ചുള്ളതെല്ലാം മുഴുവനായും തിരിച്ചുനല്‍കും. വിശദാംശങ്ങള്‍ https://esterdad.monshaat.gov.sa/Home/FQഎന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിബന്ധനകള്‍ പൂര്‍ത്തീകരിക്കാത്ത അപേക്ഷകള്‍ തള്ളപ്പെടും. എന്നാല്‍ തള്ളപ്പെട്ട അപേക്ഷകള്‍ 30 ദിവസത്തിനകം വിയോജിപ്പ് പ്രകടിപ്പിച്ച വീണ്ടും സമര്‍പ്പിക്കാവുന്നതാണ്. ഇത്തരത്തിലുള്ള അപേക്ഷകള്‍ 60 ദിവസത്തിനകം പരിഗണനക്കെടുക്കും. അധികൃതരെ കബളിപ്പിക്കുകയോ, അനധികൃതമായോ അനര്‍ഹമായോ ആനുകൂല്യം പറ്റുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശക്ഷ നടപടി സ്വീകരിക്കുമെന്നും മുന്‍ശആത്തിന്റെ വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.