പെട്രോളിന് 75 രൂപ ആയെന്നും പറഞ്ഞ് യുപിഎ സര്‍ക്കാരിനെതിരെ എന്തൊക്കെ പുകിലായിരുന്നു: ഇന്ന് വില 81 രൂപ ആയപ്പോള്‍ ഒരു കുലുക്കവുമില്ലേ: എന്തേ നിങ്ങള്‍ക്ക് മോദിയെ പേടിയാണോ?

single-img
22 May 2018

2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍ ട്വിറ്ററിലൂടെ പ്രതികരിച്ച പ്രമുഖരുടെയും പ്രശസ്തരുടേയും പഴയ ട്വീറ്റുകള്‍ ഇപ്പോള്‍ അവരെ തന്നെ തിരിഞ്ഞുകുത്തുന്നു. തുടര്‍ച്ചയായ ഇന്ധനവില കൂടി പെട്രോളിന്റേയും ഡീസലിന്റേയും വില മാനംമുട്ടിയിട്ടും അന്ന് ട്വിറ്ററില്‍ ക്ഷോഭിച്ചവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായതോടെയാണ് അവരുടെ പഴയ ട്വീറ്റുകള്‍ ട്രോളന്മാര്‍ കുത്തിപ്പൊക്കിയത്.

പെട്രോള്‍ ഒഴിക്കുന്ന ആള്‍: എത്ര രൂപക്കാണ് സര്‍?
മുംബൈ നിവാസി: രണ്ടോ നാലോ രൂപക്ക് കാറിന്റെ മേലേക്ക് സ്‌പ്രേ ചെയ്‌തോളൂ ഭായീ, കത്തിച്ചുകളയാനാ.

2012ല്‍ ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്‍ പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ട്വിറ്ററില്‍ കുറിച്ചതാണ് ഇത്. അന്ന് പെട്രോള്‍ വില എഴുപത്തഞ്ച് രൂപയായിരുന്നു.

ഈ ട്വീറ്റിന് ഇപ്പോള്‍ കിട്ടുന്ന മറുപടികളില്‍ ചിലത് ഇങ്ങനെയാണ്

പെട്രോളൊഴിച്ച് കാറ് കത്തിക്കാന്‍ തന്നെ നല്ല ചെലവുവരും സര്‍, മണ്ണെണ്ണ പോരേ?

ഇപ്പോള്‍ രാഷ്ട്രപുനര്‍നിര്‍മ്മാണം നടക്കുകയാണ് മഹാനായക് ജീ. മുംബൈക്കാര്‍ തലയില്‍ പെട്രോളൊഴിച്ച് തരാനാണ് പറയുന്നത്.

മുംബൈയില്‍ പെട്രോളിന് 81 രൂപയായി, എന്തെങ്കിലും ഒന്നു പറയൂ ബച്ചന്‍ ജീ… എന്നു തുടങ്ങി പഴയ ട്വീറ്റിനും അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ക്കും കീഴെ കമന്റുകള്‍ വന്നുനിറയുകയാണ്.

ബച്ചന് പിന്നാലെ ബോളിവുഡ് താരം അനുപം ഖേറിന്റെ പഴയ ട്വീറ്റും കുത്തിപ്പൊക്കിയിട്ടുണ്ട്. അന്ന് അദ്ദേഹം കുറിച്ചത് ഇങ്ങനെ. ‘വരാന്‍ വൈകിയത് എന്തെന്ന് ഡ്രൈവറോട് ചോദിച്ചപ്പോള്‍ ഇന്ന് സൈക്കിളിലാണ് വന്നത് എന്നായിരുന്നു മറുപടി.

എങ്കില്‍പ്പിന്നെ മോട്ടോര്‍ സൈക്കിളില്‍ വന്നുകൂടായിരുന്നോ? എന്ന് ചോദിച്ചു. അത് ഇപ്പോള്‍ വീട്ടിലെ ഒരു പ്രദര്‍ശനവസ്തു മാത്രമാണ് എന്നായിരുന്നു ഡ്രൈവറുടെ മറുപടി.’ ഇതിനും ചുട്ട മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ നല്‍കുന്നത്.

അങ്ങയുടെ ഡ്രൈവര്‍ സമയത്ത് വരുന്നുണ്ടോ സര്‍?

ഡ്രൈവറുടെ ശമ്പളം കൂട്ടിക്കൊടുത്തോ സര്‍?

അനുപം ഖേര്‍ തന്റെ ഡ്രൈവറുടെ സൈക്കിളിലാണ് ഇപ്പോള്‍ സഞ്ചാരമെന്ന് വേറൊരു രസികന്‍.

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന്റെ 2011ലെ ട്വീറ്റ്.

എന്റെ വീട്ടിലേക്ക് കടക്കാനാകുന്നില്ല, മുംബൈ നഗരം മുഴുവന്‍ വില കൂടുന്നതിന് മുമ്പ് പെട്രോള്‍ വാങ്ങാന്‍ രാത്രി തെരുവിലുണ്ട്.

ഒരു സാംപിള്‍ മറുപടി ഇങ്ങനെ.

ദിവസവും പെട്രോള്‍ വില കൂടുന്നതുകൊണ്ട് അങ്ങിപ്പോള്‍ വീട്ടില്‍ പോകാറില്ല അല്ലേ ആഖീ?

എന്നാല്‍ ഇന്ധനവില സംബന്ധിച്ച പഴയ ട്വീറ്റുകള്‍ അക്ഷയ് കുമാര്‍ നീക്കം ചെയ്തു.

സംവിധായകനും സാമൂഹ്യപ്രവര്‍ത്തകനുമായ അശോക് പണ്ഡിറ്റിന്റെ പഴയ ട്വീറ്റ് ഇങ്ങനെ

‘രാജ്യത്തെ ദുരന്തത്തിലേക്ക് നയിച്ചതില്‍ സോണിയ ഗാന്ധി ഒരു വിജയമാണ് എന്നതിന് തെളിവാണ് പെട്രോളിന്റെ വില’

പഴയതൊക്കെ കുത്തിപ്പൊക്കിയാലെങ്കിലും ഇന്ധനവില കുതിക്കുന്നത് ഇവര്‍ അറിയട്ടെ എന്നാണ് ഇവരുടെ പരിഹാസം. റീ ട്വീറ്റ് ചെയ്തും കമന്റിട്ടും സ്‌ക്രീന്‍ ഷോട്ട് പുതിയ ട്വീറ്റാക്കിയുമാണ് സമൂഹമാധ്യമങ്ങളിലെ കുത്തിപ്പൊക്കല്‍ പ്രതിഷേധം.

പ്രതിഷേധം ശക്തമായപ്പോള്‍ തിരിച്ചടി ഭയന്ന് മോദിസര്‍ക്കാര്‍ മുട്ടുമടക്കുന്നു: പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും