പ്രതിഷേധം ശക്തമായപ്പോള്‍ തിരിച്ചടി ഭയന്ന് മോദിസര്‍ക്കാര്‍ മുട്ടുമടക്കുന്നു: പെട്രോള്‍ ഡീസല്‍ വില കുറയ്ക്കും

single-img
22 May 2018

ന്യൂഡല്‍ഹി: തുടര്‍ച്ചയായി പത്താം ദിവസവും പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നതോടെ കേന്ദ്രം ഇടപെടുന്നു. എണ്ണക്കമ്പനികളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തും. കര്‍ണാടക തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി 19 ദിവസം ഇന്ധനവില പരിഷ്‌കരണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ തുടര്‍ച്ചയായി വിലകൂട്ടുകയാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

അതേസമയം, പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കുറയ്ക്കണമെന്ന് ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്യാനും പെട്രോളിയം മന്ത്രി തീരുമാനിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടുരൂപ കുറച്ചേക്കും എന്നാണ് വിവരം. സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന.

വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പ്രധാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പെട്രോള്‍ വില വര്‍ദ്ധിക്കുന്നത് ജനവികാരം എതിരാക്കുമെന്ന് കേന്ദ്രം കണക്ക് കൂട്ടുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില വര്‍ദ്ധന പിടിച്ചു നിറുത്തണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ തന്നെ അഭിപ്രായമുള്ളവരുണ്ട്. കര്‍ണാടക വോട്ടെടുപ്പിന് ശേഷം മാത്രം പെട്രോളിന് 1.68 രൂപയും ഡീസലിന് 1.56 രൂപയും കൂടി.

സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമാണ് വില. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വില കൂടുന്നത്. കൊച്ചിയില്‍ പെട്രോളിന് 79രൂപ 59 പൈസയും ഡീസലിന് 72 രൂപ 48 പൈസയുമാണ്.

മുംബയിലാണ് പെട്രോളിന് ഏറ്റവും ഉയര്‍ന്നവില. ലിറ്ററിന് 84.40 രൂപ. ഡീസലിന് ഉയര്‍ന്ന വില ഹൈദരാബാദില്‍; 73.72 രൂപ. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എണ്ണവിതരണ കമ്പനികള്‍ പ്രതിദിന ഇന്ധനവില ‘വര്‍ദ്ധന’ വോട്ടെടുപ്പ് നാള്‍വരെ നിറുത്തിവച്ചിരുന്നു. ഇക്കാലയളവില്‍ പെട്രോളിന് 4.6 രൂപയും ഡീസലിന് 3.8 രൂപയും കൂടേണ്ടതായിരുന്നു. ഈ ‘നഷ്ടം’ കൂടി ഉള്‍പ്പെടുത്തിയുള്ള വില വര്‍ദ്ധനയാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ നടപ്പാക്കുന്നത്.

ഇപ്പോള്‍ ഉപഭോക്താവിന് കിട്ടുന്ന പെട്രോളിന്റെ വിലയില്‍ 50 ശതമാനവും ഡീസല്‍ വിലയില്‍ 40 ശതമാനവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതികളാണ്. അതേസമയം, എക്‌സൈസ് നികുതി കുറയ്ക്കുന്നത് പശ്ചാത്തല വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ വിഭവ സമാഹരണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ധനമന്ത്രാലയം പറയുന്നത്.

ലിറ്ററിന് രണ്ടുരൂപ പ്രകാരം നികുതി കുറച്ചാല്‍പ്പോലും 25,000 കോടി രൂപയാണ് കേന്ദ്രത്തിന്റെ നഷ്ടം. കഴിഞ്ഞ ബഡ്ജറ്റില്‍ എക്‌സൈസ് നികുതി കുറച്ചെങ്കിലും പകരം സെസ് ഏര്‍പ്പെടുത്തിയതിനാല്‍ അതിന്റെ ഗുണം ലഭിച്ചിരുന്നില്ല.