ഒ.ഐ.സി.സി. ബഹ്‌റൈന്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

single-img
12 October 2016

oicc

മനാമ: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്(ഒ.ഐ.സി.സി) ബഹ്‌റൈന്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. രണ്ടരവര്‍ഷത്തോളമായി നീര്‍ജീവമായിരുന്നതിനാലാണ് പിരിച്ചു വിടാനുള്ള ആവശ്യം ഉയരുന്നത്. പാര്‍ട്ടിക്കും സമൂഹത്തിനും സാംസ്‌കാരിക, ആതുരസേവനരംഗങ്ങളിലും ഒന്നും ചെയ്യാതെ നീര്‍ജീവമായി കിടക്കുന്ന കമ്മിറ്റി, ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പല പരിപാടികളില്‍നിന്നും ബഹുഭൂരിപക്ഷം വരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍പോലും വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞദിവസം നല്‍കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന നാലു ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളെപ്പോലും കമ്മിറ്റി രൂപവത്കൃതമായ കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഒ.ഐ.സി.സി.യുടെ ഒരു പരിപാടിയിലും കണ്ടിട്ടില്ലെന്നും പറയുന്നു.

വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നാഷണല്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത് കണക്ക് അവതരിപ്പിച്ച് പാസ്സാക്കണം എന്നു ഭരണഘടന അനുശാസിക്കെ കഴിഞ്ഞ രണ്ടരവര്‍ഷകാലമായി ഒരു ജനറല്‍ ബോഡി പോലും വിളിച്ചു ചേര്‍ക്കുകയൊ കണക്ക് അവതരിപ്പിരിപ്പിക്കുകയോ ചെയ്യാത്ത ഈ കമ്മറ്റിക്ക് എതിരേ, വിവിധ പരിപാടികളുടെ പേരുംപറഞ്ഞു നടത്തിയ പിരിവുകളെക്കുറിച്ച് സമഗ്ര അന്വേഷണംനടത്താന്‍ കെ.പി.സി.സിയോട് ആവശ്യപ്പെടുമെന്നു നാഷണല്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. ലതീഷ് ഭരതന്‍, ജേക്കബ് തെക്കുതോട്, തോമസ് സൈമണ്‍, രാജിലാല്‍ തമ്പാന്‍, സിന്‍സണ്‍ ചാക്കോ, അഡ്വ. പോള്‍ സെബാസ്റ്റ്യന്‍, എബി തോമസ്, അനീഷ് വര്‍ഗീസ്, അനില്‍ തിരുവല്ല തുടങ്ങിയവര്‍ അറിയിച്ചു.