കുവൈത്തിൽ ഇന്ത്യൻ വീട്ടുജോലിക്കാരികൾക്കുള്ള വിസ നിർത്തലാക്കി

single-img
4 November 2015

16444058കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്നുള്ള വീട്ടുജോലിക്കാരികൾക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് നിർത്തലാക്കി. ഇന്ത്യൻ എംബസി അധികൃതരുടെ അഭ്യർഥനപ്രകാരം കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ പാസ്പോർട്ട്, പൗരത്വകാര്യ അസി. അണ്ടർ സെക്രട്ടറി ശൈഖ് മാസിൻ അൽജർറാഹാണ് ഇന്ത്യൻ വനിതകൾക്ക് 20ആം നമ്പർ ഗാർഹിക വിസ വിലക്കിക്കൊണ്ട് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫിസുകൾക്കും ഇതുസംബന്ധിച്ച നിർദേശം നല്‍കിയിട്ടുണ്ട്. എന്നാൽ പുരുഷന്മാർക്ക് ഗാർഹിക വിസ ലഭിക്കുന്നതിന് വിലക്കില്ല.

അടുത്തിടെയായി ഇന്ത്യയിൽ നിന്നും വീട്ടുജോലിക്കത്തെുന്ന സ്ത്രീകളുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇന്ത്യയിൽനിന്നുള്ള വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്പോൺസർ 720 ദീനാർ ബാങ്ക് ഗാരന്‍റി നൽകണമെന്ന നിബന്ധന ഇന്ത്യൻ എംബസി നടപ്പാക്കിയതോടെയാണ് വരവ് കുറഞ്ഞത്.

കുവൈത്ത് സർക്കാറിൽനിന്നുള്ള സമ്മർദത്തെയും സ്വദേശികളുടെ പ്രതിഷേധത്തെയും തുടർന്ന് പിന്നീട് ബാങ്ക് ഗാരന്‍റി നിബന്ധന പിൻവലിച്ചെങ്കിലും വീട്ടുവേലക്കാരികളെ കൊണ്ടുവരുന്നതിനുള്ള കരാർ അറ്റസ്റ്റ് ചെയ്യുന്നത് എംബസി നിർത്തലാക്കിയിരുന്നു. ഇതോടെ നിയമപരമായി വീട്ടുജോലികൾക്ക് സ്ത്രീകൾ കുവൈത്തിലേക്ക് വരുന്നത് കുറഞ്ഞു.

എന്നാൽ ചില ഏജന്‍റുമാർ തൊഴിൽ കരാർ ഇല്ലാതെ അനധികൃതമായി റിക്രൂട്ട്മെന്‍റ് നടത്തി വീട്ടുവേലക്കാരികളെ കുവൈത്തിലത്തെിച്ചിരുന്നു. ഇത് തടയ്യുന്നതിനായി ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ കുവൈത്ത് അധികൃതരുമായി ചർച്ചനടത്തി വീട്ടുജോലിക്കാരികൾക്കുള്ള വിസ പൂർണമായും റദ്ദാക്കുന്നതിന്റെ സാധ്യതകൾ തേടിയിരുന്നു.
തുടർന്നാണ് ഇപ്പോൾ കുവൈത്ത് എമിഗ്രേഷൻ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്.