അസ്ലന്‍ഷാ ഹോക്കി: ഇന്ത്യ പുറത്ത്

single-img
15 March 2013

മലേഷ്യ: സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി. ന്യൂസിലാന്‍ഡിനെതിരെ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ 2-0 ന് തോറ്റതോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചത്. ടൂര്‍ണ്ണമെന്റില്‍ കളിച്ച നാലു കളികളിലെ മൂന്നാമത്തെ തോല്‍വിയാണ് നിലവിലെ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡിനോട് ഇന്ത്യ വഴങ്ങിയത്.

ആദ്യ പകുതിയില്‍ ഇരു ടീമുകളുടെയും ഗോള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല. മലയാളിയായ ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷിന്റെ മികവാണ് ആദ്യ പകുതിയില്‍ ഇന്ത്യയെ രക്ഷിച്ചത്. രണ്ടാം പകുതിയുടെ 40 ാം മിനിറ്റിലാണ് ഇന്ത്യന്‍ ഗോള്‍ പോസ്റ്റില്‍ ന്യൂസിലാഡ് ആദ്യം പന്തെത്തിച്ചത്. പെനാല്‍റ്റി കോര്‍ണറിലൂടെ ആന്‍ഡി ഹെയ്‌വാഡ് ഗോള്‍ നേടിയതോടെ ഇന്ത്യയ്ക്കു മേല്‍ മേല്‍ക്കൈ നേടുന്നതില്‍ ന്യൂസിലാന്‍ഡ് വിജയിച്ചു. തുടര്‍ന്ന് 55 ാം മിനിറ്റില്‍ കോശി ബെന്നറ്റ് ഇന്ത്യയുടെ തോല്‍വിഭാരം ഉയര്‍ത്തിക്കൊണ്ട് ന്യൂസിലാന്‍ഡിന്റെ രണ്ടാം ഗോളും നേടി.
ന്യൂസിലാന്‍ഡിനോട് തോറ്റതോടെ നാലു കളികളില്‍ നിന്നും മൂന്നു പോയിന്റു മാത്രമുള്ള ഇന്ത്യ അവസാന സ്ഥാനത്താണ്. അത്രയും കളികളില്‍ നിന്ന് ആറു പോയിന്റാണുള്ള ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്താണ്. നാലുകളികളില്‍ നിന്നും എട്ടു പോയിന്റുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തും ഏഴു പോയിന്റുമായി മലേഷ്യ രണ്ടാമതും നില്‍ക്കുന്നു. നാലും അഞ്ചും സ്ഥാനത്തായി നാലു പോയിന്റ് വീതമുള്ള ദക്ഷിണ കൊറിയയും പാകിസ്ഥാനുമാണ്.