ധോണി വക ഹെലികോപ്റ്ററുകള്‍ പറന്നിറങ്ങി; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

single-img
15 January 2013

അവസാന ആറോവറില്‍ 82 റണ്‍സ്, പന്ത്രണ്ട് ഫോറും, മൂന്ന് സിക്‌സും. ക്രിക്കറ്റ് പൂരത്തിനെത്തിയ മലയാളികള്‍ക്ക് ആവേശമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും അവസാന ഓവറുകളില്‍ കത്തിക്കയറിയപ്പോള്‍ സ്‌കോര്‍ 280 കടന്നു. ആദ്യ ഓവറുകളിലെ തകര്‍ച്ചയ്ക്കു ശേഷം ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക് കുതിച്ചത് ഈ ജോഡി നേടിയ 96 റണ്‍സിന്റെ ബലത്തിലാണ്. ജയിക്കാന്‍ ഇംഗ്ലണ്ട് 286 റണ്‍സ് എടുക്കണം.

ഓപ്പണര്‍മാരെ വേഗത്തില്‍ പുറത്താക്കി നാലോവര്‍ തികയുന്നതിനു മുന്‍പേ ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നതില്‍ ഇംഗ്ലണ്ട് വിജയിച്ചു. തുടര്‍ന്ന് വന്ന വിരാട് കോലിയും(37) യുവരാജ് സിങും(32) മികച്ച തുടക്കത്തിനു ശേഷം ഔട്ടായതോടെ ഇന്ത്യന്‍ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. യുവരാജ് പുറത്തായതിനു ശേഷമെത്തിയ സുരേഷ് റെയ്‌ന (55) നേടിയ അര്‍ദ്ധ സെഞ്ച്വറി, ഇന്നിങ്ങ്‌സിന്റെ മധ്യത്തില്‍ ടീമിന് താങ്ങായി. ധോണിക്കൊപ്പം ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്താന്‍ റെയ്‌നക്കായി.

ക്യാപ്റ്റനു ചേര്‍ന്ന മികച്ച കളി പുറത്തെടുത്ത ധോണി  ആദ്യം വിക്കറ്റു കളയാതെ സ്‌കോര്‍ മുന്നോട്ട് കൊണ്ട് പോകാനാണ് ശ്രമിച്ചത്. റെയ്‌ന പുറത്തായതിനു ശേഷം രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന് കരുതലോടെയാണ് ക്യാപ്റ്റന്‍ കളിച്ചത്. 45 ഓവറെത്തിയപ്പോള്‍ 217 റണ്‍സായിരുന്നു ഇന്ത്യയുടെ സമ്പ്യാദ്യം. പിന്നീടാണ് ധോണി മൈതാനത്തിന്റെ നാലുപാടും തന്റെ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ നിറച്ചത്. ഡേണ്‍ബാച്ച് എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ ധോണി പുറത്തായപ്പോഴേയ്ക്കും ഇന്ത്യ 270 റണ്‍സിലെത്തിയിരുന്നു. ഏഴു ഫോറും രണ്ടു സിക്‌സുമാണ് തന്റെ 72 റണ്‍സിനിടയില്‍ ക്യാപ്റ്റന്‍ പറത്തിയത്.

ധോണി പുറത്തായതിനു ശേഷം അവസാന മൂന്നു ബോളുകളില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തി ജഡേജ(61) ഇന്ത്യയെ 285 ലെത്തിച്ചു. എട്ടു ഫോറുകളും രണ്ട് സിക്‌സറുകളുമാണ് യുവതാരം അടിച്ചുകൂട്ടിയത്.