ശ്രീശാന്ത് ഇന്ത്യ ‘എ’ ടീമില്‍

single-img
2 January 2013

Sreesanth-cric01പരുക്ക്‌ കാരണം ദീര്‍ഘനാള്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നതിനു ശേഷം മടങ്ങിയെത്തിയ മീഡിയം പേസര്‍ എസ്. ശ്രീശാന്ത് ഇന്ത്യ ‘എ’ ടീമില്‍. ഇംഗ്ലണ്ടിനെതിരെ ജനുവരി ആറിന് ഡല്‍ഹി പാലം സ്റ്റേഡിയത്തില്‍ നടക്കുന്ന സന്നാഹ മത്സരത്തിനുള്ള ടീമിലേയ്ക്കാണ് ശ്രീശാന്തിനെ സെലക്ടര്‍മാര്‍ തിരികെ വിളിച്ചിരിക്കുന്നത്. സീനിയര്‍ ടീമിലേയ്ക്ക് മടങ്ങിയെത്താന്‍ കേരള താരത്തിന് ലഭിക്കുന്ന അവസരമാണ് ഇംഗ്ലണ്ടിനെതിരായ മത്സരം.

ജനുവരി പതിനൊന്നിനാരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ എയര്‍ടെല്‍ ഏകദിന പരമ്പരയ്ക്കായി എത്തുന്ന ഇംഗ്ലണ്ടിന്റെ രണ്ടാം സന്നാഹ മത്സരം എട്ടിന് ഡല്‍ഹിക്കെതിരെയാണ്.

അടുത്തിടെ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധയിലേയ്ക്ക് ശ്രീശാന്തിനെ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കും ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കും മുന്‍പ് താരത്തിന്റെ പ്രകടനം വിലയിരുത്താന്‍ സെലക്ടര്‍മാര്‍ക്ക് അവസരം ലഭിക്കും.

അഭിനവ് മുകുന്ദാണ് ‘എ’ ടീം ക്യാപ്റ്റന്‍. ശ്രീശാന്തിനെ കൂടാതെ മുരളി വിജയിനെയും പതിനാലംഗ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. രഞ്ജി മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടീം സെലക്ഷന്‍.

ടീം : അഭിനവ് മുകുന്ദ് ( ക്യാപ്റ്റന്‍), മുരളി വിജയ്, റോബിന്‍ ബിസ്ത്, കോദാര്‍ ജാദവ്, അശോക് മെനാരിയ, രോഹിത് മോട്‌വാനി(വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, അക്ഷയ് ധരേക്കര്‍, ഇഷ്വാര്‍ പാണ്ഡെ, എസ്. ശ്രീശാന്ത്, റിഷി ധവാന്‍, പരസ് ധോഗ്ര, സോഹിത് ശര്‍മ, പര്‍വേസ് റസൂല്‍