വിമൻസ് ട്വന്റി-20ഇന്റർനാഷണൽ; യൂറോപ്യൻ രാജ്യമായ മാള്‍ട്ട കപ്പുയര്‍ത്തിയപ്പോള്‍ താരങ്ങളായി മലയാളി പെണ്‍കുട്ടികള്‍

single-img
15 September 2022

അന്താരാഷ്‌ട്ര വിമന്‍സ് ട്വന്റി-20 ഇന്റര്‍നാഷണല്‍ സീരീസില്‍ റൊമാനിയയെ പരാജയപ്പെടുത്തി യൂറോപ്യൻ രാജ്യമായ മാള്‍ട്ട കപ്പ് ഉയര്‍ത്തിയപ്പോള്‍ അഭിമാന താരങ്ങളായത് ആറ് മലയാളി പെണ്‍കുട്ടികൾ. മലപ്പുറം ജില്ലയിലെ മങ്കട സ്വദേശിനി ഷംലയാണ് മാള്‍ട്ട ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ .

വനിതകളുടെ കോണ്ടിനെന്റല്‍ കപ്പില്‍ ആതിഥേയരായ റൊമാനിയയെ പരാജയപ്പെടുത്തിയാണ് യൂറോപ്പിലെ കുഞ്ഞു ദ്വീപ് രാഷ്ട്രമായ മാള്‍ട്ട അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടേതായ മേല്‍വിലാസം ഉണ്ടാക്കിയത്. മൂന്ന് ട്വന്റി-20 മത്സരങ്ങൾ ഉൾപ്പെട്ട ടൂര്‍ണമെന്റില്‍ പരാജയമറിയാതെ മൂന്നും ജയിച്ചാണ് മാള്‍ട്ട സംഘത്തിന്റെ വിജയാഘോഷം.

കാസർകോട് സ്വദേശി അനുപമ രമേശന്‍ , പെരുമ്പാവൂര്‍ സ്വദേശിനി കുക്കു കുര്യന്‍ , തൃശൂര്‍ സ്വദേശിനികളായ ആന്‍വി വിമല്‍ , രമ്യ വര്‍ഗീസ് , അനീറ്റ ആന്‍ സന്തോഷ് എന്നിവരാണ് ടീമിലെ മറ്റ് മലയാളികള്‍ .

മാള്‍ട്ടയിലെ ആരോഗ്യ മേഖലയിൽ നഴ്‌സായി ജോലി ചെയ്യുന്നവരാണ് ടീമിലെ മലയാളി താരങ്ങളെല്ലാവരും. തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി ഓരോരുത്തരും ടീമില്‍ ഉണ്ട്.ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ടീമിന് രാജ്യത്ത് വീരപരിവേഷമാണ് ഇപ്പോള്‍.