ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള വഴിയിലാണെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ

single-img
8 November 2022

ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള വഴിയിലാണെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌. തിരിച്ചുപിടിക്കാനാകാത്ത വിധം ആഗോളതാപനവും കാർബൺ ബഹിർഗമനവും കൂടുകയാണ്‌. നാശത്തിലേക്കാണ്‌ ലോകം പോകുന്നത് എന്നും അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു. ഈജിപ്‌തിലെ ഷ്രം അൽഷെയ്‌ക്കിൽ നടക്കുന്ന ഐക്യരാഷ്‌ട്ര സംഘടനയുടെ 27–-ാമത്‌ വാർഷിക കാലാവസ്ഥ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൈവ ഇന്ധന കമ്പനികൾക്ക്‌ രാജ്യങ്ങൾ വൻ നികുതി ചുമത്തണമെന്നും പ്രകൃതിദുരന്തങ്ങളും ദാരിദ്ര്യവും നേരിടുന്ന രാജ്യങ്ങൾക്ക്‌ ഈ തുക വീതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹകരിക്കുക അല്ലെങ്കിൽ നശിക്കുക എന്നതാണ്‌ മുന്നിലുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിജ്ഞകൾ മതിയാക്കി പ്രവൃത്തിക്കേണ്ട സമയമാണിതെന്ന്‌ ഉച്ചകോടിക്ക്‌ ആതിഥേയത്വം വഹിക്കുന്ന ഈജിപ്‌ത്‌ പ്രസിഡന്റ്‌ അബ്‌ദുൽ ഫത്ത അൽസിസി പറഞ്ഞു. ഏറ്റവും കൂടുതൽ മാലിന്യം പുറന്തള്ളുന്നവരാണ്‌ കാലാവസ്ഥാ പരിപാലനത്തിന്‌ കൂടുതൽ പണം ചെലവാക്കേണ്ടതെന്ന്‌ സെനഗൽ പ്രസിഡന്റും ആഫ്രിക്കൻ യൂണിയൻ പ്രസിഡന്റുമായ മക്കി സാൽ പറഞ്ഞു.

ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്‌, ജോർദാൻ, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭരണത്തവൻമാരും മുൻ ഭരണാധികാരികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്‌. ഇതിനിടെ, ഉച്ചകോടികൊണ്ട്‌ കാര്യമായ ഗുണമില്ലെന്ന വിമർശം രൂക്ഷമാണ്‌. ഉക്രയ്‌നിലെ റഷ്യയുടെ സൈനിക നടപടി മറയാക്കി പല രാജ്യങ്ങളും കാലാവസ്ഥാ പ്രവർത്തനത്തിനുള്ള തുക വെട്ടിക്കുറച്ചെന്നും വിമർശമുണ്ട്‌. ഉച്ചകോടി ‘ഗ്രീൻവാഷാ’ണെന്ന്‌ പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ തുൻബർഗ്‌ പറഞ്ഞു.