ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാത്രിയിൽ സിപിഎം ഇടുക്കി ശാന്തൻപാറ ഓഫീസിൽ പുലർച്ചെ വരെ പണി; ഉത്തരവ് കിട്ടിയില്ലെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി

single-img
23 August 2023

ഇടുക്കി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാത്രിയിൽ സിപിഎം ഇടുക്കി ശാന്തൻപാറ ഓഫീസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതായി വിവരം. പുലർച്ചെ നാലു മണി വരെ പണികൾ തുടർന്നു. രണ്ടാമത്തെ നിലയിൽ ഓഫീസ് പ്രവർത്തനം തുടങ്ങുന്നതിനായി കതകുകളും ജനുലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇരുപതോളം തൊഴിലാളികളെ എത്തിച്ചായിരുന്നു പണികൾ നടത്തിയത്. പാർട്ടി പ്രവർത്തകരും നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തികളിൽ പ്രതികരണവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് രം​ഗത്തെത്തി. നിരോധന ഉത്തരവ് കയ്യിൽ കിട്ടിയിട്ടില്ലെന്നും നിയമപരമായി നേരിടുമെന്നും സിവി വ‍ർ​ഗീസ് പറഞ്ഞു.

കോടതി ഉത്തരവോ പണി നിർത്തി വയ്ക്കാൻ കലക്ടറുടെ ഉത്തരവോ കയ്യിൽ കിട്ടിയിട്ടില്ല. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവ് വന്നിട്ടുള്ളത്. ഭൂ നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഇത്തരം നിർമാണങ്ങൾ എല്ലാം സധൂകരിക്കപ്പെടും. റോഡ് വികസനത്തിന്‌ ഓഫീസ് പൊളിച്ചു കൊടുത്തിട്ടുള്ള പാർട്ടിയാണ് സിപിഎം എന്നും സി വി വർഗീസ് പറഞ്ഞു. 

റവന്യൂ വകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാൽ ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ പാർട്ടി ഓഫീസിന്റെ നിർമ്മാണം നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാൻ ആവശ്യമെങ്കിൽ ജില്ലാ കളക്ടർക്ക് പൊലീസ് സഹായം നൽകണമെന്ന് ജില്ല പൊലീസ് മേധാവിയോടും കോടതി നിർദ്ദേശിച്ചിരുന്നു. കോടതി ഉത്തരവ് കയ്യിൽ ലഭിക്കാത്തതിനാൽ ജില്ലാ കളക്ടറും നിർമ്മാണം നിർത്തി വയ്ക്കാൻ നിർദ്ദേശം നൽകിയിട്ടില്ല. ഉത്തരവ് ലഭിച്ചാൽ ജില്ലാ കളക്ടർ ഇന്ന് നിരോധന ഉത്തരവ് നൽകും.