യൂസഫലി ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നായിരുന്നു വിജയ് പിള്ളയുടെ ഭീഷണി: സ്വപ്ന സുരേഷ്

single-img
9 March 2023

സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഗുരതര ആരോപണങ്ങളുമായി ഫേസ് ബുക്ക് ലൈവിൽ എത്തി. പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരെയും പരാമർശം. മൂന്ന് ദിവസം മുമ്പ് കാണാനെത്തിയ വിജയ് പിള്ള എന്നൊരാൾ ആണ് യൂസഫലിയുടെ പേരിലടക്കം ഭീഷണിപ്പെടുത്തിയതെന്ന് സ്വപ്ന വെളിപ്പെടുത്തി.

യൂസഫലി തനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നായിരുന്നു വിജയ് പിള്ളയുടെ ഭീഷണിയെന്നാണ് സ്വപ്ന പറഞ്ഞത്. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാൻ യൂസഫലിക്ക് എളുപ്പമാണെന്നും അയാൾ പറഞ്ഞെന്നും സ്വപ്ന പറഞ്ഞു.

ഇപ്പോൾ അന്വേഷണം നടക്കുന്ന സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്നും വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

പാർട്ടി സെക്രട്ടറി എം വി​ ​ഗോവിന്ദൻ സ്വപ്നയെ തീർത്ത് കളയുമെന്ന് വിജയ് പിള്ള പറഞ്ഞെന്നും സ്വപ്ന വെളിപ്പെടുത്തി. തന്നെ കൊന്നുകളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞതായും സ്വപ്ന പറയുന്നു.

മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറാനും ആവശ്യപ്പെട്ടു. ഭീഷണിയുടെ സ്വരത്തിലാണ് വിജയ്പ്പിള്ള സംസാരിച്ചത്. അനുസരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ എന്തു വന്നാലും പിണറായിക്കെതിരെ എല്ലാ സത്യങ്ങളും പുറത്ത് കൊണ്ടുവരുമെന്നും സ്വപ്ന പറഞ്ഞു.