ഗവര്‍ണരുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ ഹൈക്കോടതിയില്‍

single-img
2 November 2022

കൊച്ചി: ഗവര്‍ണരുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാനത്തെ വിസിമാര്‍ ഹൈക്കോടതിയില്‍. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ അടക്കമുള്ളവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഗവര്‍ണര്‍ നല്‍കിയ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. ഹര്‍ജി ഇന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും. ഗവര്‍ണരുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഏഴ് വിസിമാരാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

അതേസമയം, ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുന്നത്. അംഗത്വം റദ്ദാക്കിയ ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ നിലപാട്. എന്നാല്‍ സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീര്‍ക്കേണ്ട വിഷയം സര്‍വ്വകലാശാല അനാവശ്യ വിവാദത്തിലാക്കിയെന്നും വിസിയില്ലാതെ എങ്ങനെ സര്‍വ്വകലാശാലയ്ക്ക് പ്രവര്‍ത്തിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു.

നവംബര്‍ 4 ന് ചേരുന്ന സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ സെര്‍ച്ച്‌ കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയുണ്ടോയെന്ന് സര്‍വ്വകലാശാല ഇന്ന് അറിയിക്കണം. ഗവര്‍ണ്ണര്‍ പുറത്താക്കിയ അംഗങ്ങള്‍ക്ക് നവംബര്‍ 4 ന് ചേരുന്ന സെനറ്റില്‍ പങ്കെടുക്കാനാകുമോ എന്ന് ഇന്ന് കോടതി തീരുമാനിക്കും. അതേസമയം, വിജ്ഞാപനം പിന്‍വലിക്കണമെന്ന് മുന്‍ വി സിയും സെനറ്റും ആവശ്യപ്പെട്ടത് നിയമ വിരുദ്ധവും പ്രകടമായ അധിക്ഷേപമാണെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു.