കർഷകരെ എപ്പോഴും ചേർത്തുപിടിക്കുന്ന ‘കർഷക ബന്ധു’വാണ് യു.ഡി.എഫ്: മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാനത്ത് റബറിന്റെ വില 300 രൂപയിലെത്തിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. റബറിന്റെ വില 300 രൂപയാകുമെന്ന കാര്യത്തിൽ കർഷകർക്ക് ആശങ്ക വേണ്ടെന്നും, മുൻകാലങ്ങളിൽ വില 200 രൂപയിലും 250 രൂപയിലും എത്തിക്കാൻ സ്വീകരിച്ച നടപടികൾ പോലെ തന്നെ ആവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകുന്ന സർക്കാരാണ് യു.ഡി.എഫ് സർക്കാരെന്നും, കർഷകരെ എപ്പോഴും ചേർത്തുപിടിക്കുന്ന ‘കർഷക ബന്ധു’ എന്ന നിലപാടോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ വികസന-ക്ഷേമ അജൻഡയിൽ കർഷകർക്ക് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം കർഷകർ നേരിടുന്ന വിവിധ പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
വന്യജീവി ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകരുടെ പ്രശ്നങ്ങളും സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി ആധുനിക സാങ്കേതിക വിദ്യകളും പരമ്പരാഗത സംവിധാനങ്ങളും സംയോജിപ്പിച്ച് ഫലപ്രദമായ പ്രതിരോധ സംവിധാനം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂനിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ നടപ്പാക്കുമെന്നും, നെൽകർഷകർക്ക് നൽകാനുള്ള കുടിശ്ശിക തുക സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ദീർഘകാലമായി പ്രവർത്തനരഹിതമായി കിടക്കുന്ന തോട്ടങ്ങൾ വീണ്ടും സജീവമാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.


