കേരളത്തിന്റെ പൊതുപ്രശ്നങ്ങളിൽ ഒന്നിച്ച് നിൽക്കാൻ യുഡിഎഫ് എംപിമാർ തയ്യാറാകുന്നില്ല: മന്ത്രി കെഎൻ ബാലഗോപാൽ

single-img
7 October 2023

സംസ്ഥാനത്തിന്റെ പൊതുപ്രശ്നങ്ങളിൽ ഒന്നിച്ച് നിൽക്കാൻ യുഡിഎഫ് എംപിമാർ തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. യുഡിഎഫും ഇടതു മുന്നണിയും കേരളവുമായി ബന്ധപ്പെട്ട പല പൊതു പ്രശ്നങ്ങളിലും ഒന്നിച്ച് നിന്നിട്ടുണ്ടെന്നും എന്നാൽ ഇന്ന് യുഡിഎഫ് എംപിമാരിൽ നിന്നും അത് കാണുന്നില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. നികുതി വരുമാനം കൂടുന്നതിന് അനുസരിച്ച് പങ്കിടൽ നടക്കുന്നില്ലെന്നും നികുതി വരുമാനം സംബന്ധിച്ച് വിശദ പഠനം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും ധനമന്ത്രി പറഞ്ഞു.

ഇത് ജി എസ് ടി ട്രൈബ്യൂണൽ രണ്ട് മൂന്ന് മാസത്തിനകം സാധ്യമാക്കും എന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി കൂട്ടിചേർത്തു. അതേസമയം ഉപയോക്താക്കൾക്ക് ജി എസ് ടി നോട്ടീസിൽ അപ്പീൽ നൽകാനുള്ള സമയം നീട്ടിയതായും കെഎൻ ബാലഗോപാൽ അറിയിച്ചു. കേരളത്തിൻറെ കടമെടുപ്പ് പരിധി കുറച്ച വിഷയങ്ങളിലടക്കം പരിഹാരം കണ്ടെത്തണമന്ന് ആവശ്യപ്പെട്ട് ബാലഗോപാല്‍ കേന്ദ്രധനമന്ത്രിക്ക് കത്ത് നല്‍കി.

ഇതോടൊപ്പം സഹകരണ മേഖലയിലെ ഒറ്റപ്പെട്ട വിഷയങ്ങൾ പൊതുവായി കാണരുതെന്നും കെഎൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. കരുവന്നൂരില്‍ തെറ്റു ചെയ്തവർ ശിക്ഷിക്ഷപ്പെടണമെന്നും സഹകാരികളുടെ പണം സംരക്ഷിക്കപ്പെടണമെന്നതും തന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.