യു.ഡി.എഫ് മന്ത്രിമാർ അവസാന നിമിഷം പിന്മാറി; വെള്ളാപ്പള്ളി പങ്കെടുക്കേണ്ട ആലപ്പുഴയിലെ പൊതുപരിപാടി മാറ്റി

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം യു.ഡി.എഫ് മന്ത്രിമാർ പങ്കെടുക്കേണ്ടിയിരുന്ന ആലപ്പുഴയിലെ പ്രമുഖ പൊതുപരിപാടി മാറ്റിവെച്ചു. മുഖ്യതിഥികളാകേണ്ടിയിരുന്ന മന്ത്രിമാരായ രമേശ് ചെന്നിത്തല, എം. ലിജു എന്നിവർ അവസാനനിമിഷം തങ്ങളുടെ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് സംഘാടകർ പരിപാടി പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചത്.
ആലപ്പുഴ പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ ഇന്ന് വൈകീട്ട് നടക്കേണ്ടിയിരുന്ന കേരള കൗമുദി വാർഷികാഘോഷവും ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങുമാണ് ഇതോടെ മുടങ്ങിയത്.
തിരുവനന്തപുരത്ത് പ്രധാനപ്പെട്ട വിശാല കെ.പി.സി.സി യോഗം നടക്കുന്നതിനാൽ നിശ്ചയിച്ച സമയത്ത് ആലപ്പുഴയിൽ എത്തിച്ചേരാൻ കഴിയില്ലെന്നാണ് മന്ത്രിമാർ സംഘാടകരെ അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇന്ന് രാവിലെ വരെ പരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയിരുന്നതായി സംഘാടകർ വ്യക്തമാക്കുന്നു.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി വൈകീട്ട് നാല് മണിയുടെ വന്ദേ ഭാരത് എക്സ്പ്രസ്സിൽ ഇരുവരും ആലപ്പുഴയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതുമാണ്. മാറ്റിവെച്ച പരിപാടിയുടെ പുതുക്കിയ തീയതി പിന്നീട് നിശ്ചയിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ എം.എൽ.എമാരെ ആദരിക്കുന്ന ചടങ്ങായിരുന്നു ഇത്. എന്നാൽ വ്യക്തിപരമായ അസൗകര്യം മൂലം പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് എം.എൽ.എ സജി ചെറിയാൻ നേരത്തെ തന്നെ സംഘാടകരെ അറിയിച്ചിരുന്നു. മന്ത്രിമാർക്ക് പുറമെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ള ജില്ലയിലെ മറ്റ് പ്രമുഖ ജനപ്രതിനിധികൾക്കും ഈ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. മന്ത്രിമാരുടെ പെട്ടെന്നുള്ള പിന്മാറ്റം രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്.


