നാടിന്റെ പൊതുവായ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും ഒപ്പം നിൽക്കാൻ യുഡിഎഫിന് കഴിയുന്നില്ല: മുഖ്യമന്ത്രി

single-img
28 January 2026

കേന്ദ്ര സർക്കാരിന്റെ നയങ്ങളാൽ സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾ സ്വയംപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. നാടിന്റെ പൊതുവായ ആവശ്യങ്ങൾക്കും താൽപര്യങ്ങൾക്കും ഒപ്പം നിൽക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നതാണ് യാഥാർഥ്യമെന്ന് അദ്ദേഹം വിമർശിച്ചു.

കേന്ദ്രത്തിന്റെ സംസ്ഥാന വിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാൻ പ്രതിപക്ഷം തയ്യാറായിരുന്നോയെന്ന ചോദ്യവും മുഖ്യമന്ത്രി ഉന്നയിച്ചു. കേരളം സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ദേശീയ നേതാക്കളെ ക്ഷണിച്ചപ്പോൾ, അവർ വരേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പകരം, അവയ്ക്കെതിരായ സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന് വിയോജിപ്പുണ്ടെങ്കിൽ അത് സർക്കാരിനോടായിരിക്കണം, എന്നാൽ നാടിന്റെ നേട്ടങ്ങളോടും സമാധാനപരമായ അന്തരീക്ഷത്തോടും പുറംതിരിഞ്ഞുനിൽക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.