രാജസ്ഥാനിലെ കോട്ടയില്‍ എം ബി ബി എസ് പ്രവേശന പരിശീലന കേന്ദ്രത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

single-img
28 June 2023

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ എം ബി ബി എസ് പ്രവേശന പരിശീലന കേന്ദ്രത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ഉദയ്പൂര്‍ സ്വദേശിയായ 18 വയസുള്ള വിദ്യാര്‍ത്ഥിയെ ആണ് ചൊവ്വാഴ്ച ആദ്യം ഹോസ്റ്റല്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീറ്റ് പരീക്ഷയുടെ തയ്യാറെടുപ്പിനായെ എത്തിയ മെഹുല്‍ വൈഷ്ണവ് ആണ് ഇതെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികളേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസത്തിനിടെ രാജസ്ഥാനിലെ കോട്ടയില്‍ പരിശീലനത്തിന് എത്തിയ ഒമ്പത് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്

ഉദയ്പൂരിലെ സലൂംബാര്‍ സ്വദേശിയാണ് മെഹുല്‍. കഴിഞ്ഞ രണ്ട് മാസത്തിന് മുന്‍പാണ് നീറ്റ് പരീക്ഷാ തയ്യാറെടുപ്പിനായി മെഹുല്‍ പരിശീലന കേന്ദ്രത്തില്‍ എത്തിയത്.  വിഗ്യാന്‍ നഗര്‍ മേഖലയിലാണ് മെഹുലിന്‍റെ ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. സംഭവ സമയത്ത് മെഹുല്‍ ഹോസ്റ്റല്‍ മുറിയില്‍ തനിച്ചായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രാവിലെ ആയിട്ടും മെഹുലിനെ പുറത്തേക്ക് കാണാതായതോടെ സഹപാഠികള്‍ കെയര്‍ ടേക്കറെ വിവരം അറിയിച്ചതിനേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മെഹുലിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. സമാനമായ മറ്റൊരു സംഭവത്തില്‍ നീറ്റ് പരിശീലനത്തിന് എത്തിയ ആദിത്യ എന്ന വിദ്യാര്‍ത്ഥിയേയം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദിത്യയും നീറ്റ് പരിശീലനത്തിനായി രണ്ട് മാസം മുന്‍പാണ് കോട്ടയിലെത്തുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളേയാണ് കോട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ അഞ്ച് പേരെ മെയ് മാസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.