ആദിവാസി യുവാവിനെ കള്ള കേസില്‍ കുടുക്കിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

single-img
15 December 2022

ഇടുക്കി: കണ്ണമ്ബടിയില്‍ ആദിവാസി യുവാവിനെ കള്ള കേസില്‍ കുടുക്കിയ സംഭവത്തില്‍ രണ്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മഹേഷ്, ഷിബിന്‍ ദാസ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുട്ടത്തെ ഡിസ്ട്രിക്‌ട് ആന്‍ഡ് സെക്ഷന്‍ കോടതിയിലാണ് പ്രതികള്‍ കീഴടങ്ങിയത്.

ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തി എന്നാരോപിച്ച്‌ സെപ്റ്റംബര്‍ 20-നാണ് സരുണ്‍ സജിയെ കിഴുകാനം വനം വകുപ്പ് ഫോറസ്റ്ററായിരുന്ന അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുണ്‍ സജി, എസ്‌സി എസ്‌ടി കമ്മീഷന് പരാതി നല്‍കി. കുമളിയില്‍ നടന്ന സിറ്റിംഗില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ വി‌എസ് മാവോജി പോലീസിന് നി‍ര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് ഉപ്പുതറ പോലീസ് കേസെടുത്തത്. കേസ് കെട്ടിച്ചമച്ചതിനും, ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഫോറസ്റ്റര്‍ അനില്‍കുമാറാണ് പ്രതിസ്ഥാനത്ത് ഒന്നാമതുള്ളത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുല്‍ അടക്കം സരുണ്‍ സജിയുടെ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും പ്രതികളാണ്.